ശോഭനാ ജോര്‍ജ്ജ് ഇടത്തേക്ക്; പിണറായി വിജയന്‍ ഇന്ന് ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്യുന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ ശോഭനാ ജോര്‍ജ്ജ് പങ്കെടുക്കും

ശോഭനാ ജോര്‍ജ്ജ് ഇനി ചെങ്കൊടിയേന്തും... ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുന്‍ എം.എല്‍.എയായ ശോഭന ജോര്‍ജ്ജ് തീരുമാനിച്ചതായി എല്‍.ഡി.എഫ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം ചെങ്ങന്നൂരില്‍ നടക്കുന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ അവര്‍ പങ്കെടുക്കും. കോണ്‍ഗ്രസില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടായ അവഗണനയെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങളായി അവര്‍ പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. രണ്ടാഴ്ച മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് എത്തിയപ്പോള്‍ സജി ചെറിയാന്റെ സാനിധ്യത്തില്‍ ശോഭനയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
ചെങ്ങന്നൂര്‍ മണ്ഡലത്തെ ഇന്ന് കാണുന്ന രീതിയിലാക്കിയത് ശോഭനാ ജോര്‍ജ് എം.എല്‍.എ ആയ ശേഷമാണ്. മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച അവര്‍ കക്ഷിരാഷ്ട്രീയത്തിന് അതീതയായി ജനപ്രീതി നേടിയിരുന്നു. അതിനിടെയാണ് വ്യാജരേഖാ കേസില്‍ പെടുന്നത്. അതോടെ രാഷ്ട്രീയ ഭാവി അസ്തമിക്കുകയായിരുന്നു. വീണ്ടും മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മല്‍സരിച്ച് മൂവായിരത്തി അഞ്ഞൂറിലധികം വോട്ടവര്‍ നേടി. യു.ഡി.എഫിന് ശക്തമായ ഭീഷണിയാണ് ശോഭനാ ജോര്‍ജ്ജ് ഉയര്‍ത്തിയത്. മല്‍സരരംഗത്ത് നിന്ന് പിന്‍മാറണമെന്ന് എ.കെ ആന്റണി പറഞ്ഞിട്ട് പോലും അവര്‍ പിന്‍മാറിയില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സി വിഷ്ണുനാഥ് തോല്‍ക്കുകയും ചെയ്തു.
സഭാനേതൃത്വങ്ങളുമായി ഇപ്പോഴും ശോഭനാ ജോര്‍ജ്ജിന് നല്ല ബന്ധമാണ്. അതുപോലെ വിശ്വാസികളുമായും. ഇത് മുതലെടുക്കാനാണ് സജി ചെറിയാനും കൂട്ടരും ശ്രമിക്കുന്നത്. അത് ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു. ത്രികോണ മല്‍സരം നടക്കുമ്പോള്‍ മൂവായിരം വോട്ട് വലിയ നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha