രോഗികളോട് നന്നായി പെരുമാറാന്‍ കഴിയാത്തവര്‍ ഡോക്ടര്‍ പണി ഉപേക്ഷിക്കണം, അല്ലെങ്കില്‍ പുറത്താക്കണം. പക്ഷെ, രണ്ടും നാട്ടില്‍ നടപ്പില്ല- ആര്‍.സി.സിയിലെ ഡോക്ടര്‍മാരുടെ പിഴവ് മൂലം ഡോ. റെജിയുടെ ഭാര്യമരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ പറയുന്നു

ആര്‍.സി.സിയിലെ ഡോക്ടര്‍മരുടെ ചികില്‍സാപിഴവ് മൂലം തന്റെ ഭാര്യ മരിച്ചെന്ന് ഡോ.റെജി വെളിപ്പെടുത്തിയതിന് പിന്നാലെ ആര്‍.സി.സിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ മലയാളിയായ ഡോക്ടറും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. എസ്.എസ് ലാല്‍ എന്ന ലാല്‍ സദാശിവന്‍ രംഗത്തെത്തി. അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് വായിക്കാം...
താങ്ങാനാവാത്ത ജോലിഭാരവും പ്രതികൂല സാഹചര്യങ്ങളും ഡോക്ടര്‍മാരുടെ തൊഴിലില്‍ അസ്വസ്ഥതയുണ്ടാക്കുന്നെന്ന കാര്യം സത്യമാണ്. നാടിനോടും നാട്ടുകാരോടും പ്രതിബദ്ധതയുള്ള ഡോക്ടര്‍മാരാണ് മറ്റുപല മരുപ്പച്ചകളും ഉപേക്ഷിച്ചിട്ട് നാട്ടില്‍ത്തന്നെ നില്‍ക്കുന്നവര്‍ പലരും എന്ന കാര്യം നമ്മള്‍ മറക്കാനും പാടില്ല. എന്നാല്‍ ഇതൊന്നും തന്നെ രോഗം പിടിപെട്ട് തകര്‍ന്ന ശരീരവും മനസ്സുമായി ആശുപത്രിയിലെത്തുന്ന പാവം മനുഷ്യരുടെ പുറത്തല്ല തീര്‍ക്കേണ്ടത്. ആ വിദ്യാഭ്യാസമാണ് മെഡിക്കല്‍ മേഖലയില്‍ കാര്യമായി ഇല്ലാത്തത്.
രോഗങ്ങളെല്ലാം ചികിത്സിച്ചുമാറ്റാനോ എല്ലാ മരണങ്ങളും തടയാനോ കഴിയില്ല. പക്ഷേ, ദുരിതത്തില്‍പ്പെട്ട രോഗിയെയും ഉടയവരെയും സന്തോഷിപ്പിച്ചില്ലെങ്കിലും വീണ്ടും കരയിക്കരുത്. അതു ചെയ്താല്‍ മാപ്പില്ല. സാധാരണക്കാരന്റെ അവസാനത്തെ അത്താണിയാണ് ഇത്തരം സര്‍ക്കാരാശുപത്രികള്‍.
രോഗികളെ അനുതാപത്തോടെ കാണാന്‍ കഴിയുന്നവര്‍ മാത്രമേ ഡോക്ടറാകാവൂ. നമ്മുടെ നാട്ടില്‍ അങ്ങനെയല്ല. പഠിക്കാന്‍ ശേഷിയോ, കാശോ, രണ്ടും കൂടിയോ ഉള്ളവര്‍ക്കാര്‍ക്കും ഡോക്ടറാകാം. ഈ സാഹചര്യങ്ങളൊന്നും ദയയോ അനുതാപമോ ഉണ്ടാകാന്‍ പോന്ന ഘടകങ്ങളല്ല. നല്ല മനുഷ്യര്‍ മെഡിസിന്‍ പഠിച്ചാല്‍ നല്ല ഡോക്ടറായും തുടരുന്നു എന്നുമാത്രം. രോഗികളോട് നന്നായി പെരുമാറാന്‍ കഴിയാത്തവര്‍ ഡോക്ടര്‍ പണി ഉപേക്ഷിക്കണം. അല്ലെങ്കില്‍ പുറത്താക്കണം. പക്ഷെ, രണ്ടും നാട്ടില്‍ നടപ്പില്ല.
ആര്‍.സി.സി.യെ പ്പറ്റി ഒരുപാട് പരാതികള്‍ ഞാനും കേള്‍ക്കാറുണ്ട്. അടുത്തിടെ മരിച്ചുപോയ എന്റെ ഏറ്റവുമടുത്ത ഒരു ഡോക്ടര്‍ സുഹൃത്തിന്റെ കാര്യത്തിലും ദുഖവും അസംതൃപ്തിയുമുണ്ടാക്കുന്ന പലതും ആര്‍.സി.സിയില്‍ സംഭവിച്ചു. സുഹൃത്തുക്കളായ ഒരുപാട് ഡോക്ടര്‍മാര്‍ ആ സംഭവത്തില്‍ വിഷമിച്ചു. ഇപ്പോള്‍ ഞാനും സ്വന്തമായി ചില അന്വേഷണങ്ങള്‍ നടത്തിവരികയാണ്. അന്ന് ഡോ: സജീദ്, ഡോ: പ്രശാന്ത് തുടങ്ങിയ അവിടത്തെ ചില നല്ല ഡോക്ടര്‍ സുഹൃത്തുക്കളാണ് എന്റെ സുഹൃത്തിന് ആശ്വാസമായിരുന്നത്. അതും മറക്കുന്നില്ല.
സര്‍ക്കാര്‍ ആശുപത്രിയുടെ പരിമിതികള്‍ നമ്മളും മനസ്സിലാക്കണം. എന്നാല്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലെ ആര്‍.സി.സി. അവഗണിക്കപ്പെട്ടു എന്നു കരുതുന്നില്ല. എല്ലാ സര്‍ക്കാരുകളും വാരിക്കോരി കൊടുക്കുന്നതാണ് കണ്ടിട്ടുള്ളത്. എന്നാലും കുറവുകളുണ്ടെങ്കില്‍ അത് നികത്തണം. അതിനുപകരം, പരാതി പറയുന്നവരെല്ലാം ആശുപത്രിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന വാദം ശരിയല്ല. ഒരുപാടുപേര്‍ പരാതി പറയുമ്പോള്‍ സ്വയം പരിശോധന നടത്തുകയാണ് വേണ്ടത്. തീയില്ലാതെ പുകയുണ്ടാവില്ല. ആര്‍.സി.സി. യെ തകര്‍ക്കാന്‍ വേണ്ടി ആരും കാന്‍സര്‍ സ്വയം സംഘടിപ്പിക്കുന്നതല്ലല്ലോ. കാന്‍സര്‍ രോഗികള്‍ സംഘടനയുണ്ടാക്കി ആര്‍.സി.സിയെ ആക്രമിക്കുന്നതുമല്ല.
കാന്‍സര്‍ വന്നാല്‍ ചികില്‍സക്കായി ശക്തിയുള്ള മരുന്നുകള്‍ വേണ്ടിവരും. ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടിവരും. ഇത്രയും നാള്‍ ശരീരത്തില്‍ ഇരുന്ന ഭാഗമല്ലേ, അതവിടെത്തന്നെ ഇരുന്നോട്ടേ എന്ന് കരുതാന്‍ പറ്റില്ല. അങ്ങനെ വിചാരിച്ചാല്‍ മരണം പെട്ടെന്നാകാം. ആര്‍.സി.സി. യുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അതിനകത്തെ കാന്‍സര്‍ ചികിത്സിക്കുകയോ, കേടുവന്ന ഭാഗങ്ങള്‍ മുറിച്ചുമാറ്റുകയോ ചെയ്യണം. നല്ല കുറേപ്പേര്‍ ആര്‍.സി.സി യില്‍ ഉണ്ടെന്നത് ഈ ശസ്ത്രക്രിയയ്ക്ക് തടസ്സമാകരുത്.
ആര്‍.സി.സിയില്‍ പ്രശ്ങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ ഗവണ്‍മെന്റിന് ഉത്തരവാദിത്തമുണ്ട്. അവിടെ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇടപെടാനും പരിഹരിക്കാനുമുള്ള അധികാരവുമുണ്ട്. പ്രശനം വഷളായി കൈവിട്ടുപോകുന്നതുവരെ സര്‍ക്കാര്‍ നോക്കിനില്‍ക്കരുത്.
ഐ.എം.എ. ഇടപെടണമെന്ന അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. ഐ.എം.എ യുടെ ഘടനയും സാധ്യതകളും അനുവദിക്കുന്നതിനേക്കാള്‍ അളവില്‍ ഐ.എം.എ. ഇടപെടാറുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ച്, കേരളത്തിലെ സംഘടന. തികച്ചും ഒരു പ്രൊഫഷണല്‍ സംഘടനയായാണ് ദേശീയതലത്തില്‍ ഐ.എം.എ. സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ഞങ്ങളെപ്പോലെ ചിലര്‍ ആ സംഘടനയുടെ അരികുകളെ വലിച്ചുനീട്ടാന്‍ ശ്രമിക്കാറുണ്ട്, കൈ പൊള്ളുമ്പോഴും. എന്നാല്‍ കാര്യങ്ങള്‍ വിചാരിക്കുന്നത്ര എളുപ്പമല്ല. അത്, ഇവിടെ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയവുമല്ല.
പുതിയ തലമുറയിലെ ചില ഡോക്ടര്‍മാര്‍ പലതും ഉറക്കെ പറയാനും തിരുത്താനും ശ്രമിക്കുന്നുണ്ട്. ജിനേഷും നെല്‍സണുമൊക്കെ അതിന് ഉദാഹരങ്ങളാണ്. അവരെയൊക്കെ പിന്തുണയ്‌ക്കേണ്ടതുണ്ട്. ഐ.എം.എയുടെ നേതാക്കളായ ഡോ: ശ്രീജിത്തും ഡോ: സുല്‍ഫിയും ഡോ: ജയകൃഷ്ണനുമൊക്കെ വേണ്ടത് ചെയ്യുന്നുണ്ട് എന്ന് സമാധാനിക്കാം.
https://www.facebook.com/Malayalivartha
























