സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു, അത്യാഹിത വിഭാഗങ്ങള്‍ ഒഴികെ ഒപികള്‍ പ്രവര്‍ത്തിക്കില്ലെന്ന് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍

ആവശ്യത്തിനുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ പുതുതായി ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ സായാഹ്‌ന ഒ.പി ആരംഭിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. അത്യാഹിത വിഭാഗങ്ങള്‍ ഒഴികെ ഒ.പികള്‍ പ്രവര്‍ത്തിക്കില്ലെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ചൂണ്ടിക്കാട്ടി.
മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ സായാഹ്‌ന ഒ.പികള്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ച് ജോലിയില്‍നിന്ന് വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്‌പെന്റ് ചെയ്യുകയും രണ്ട് ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്. നിലവില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ഒ.പികള്‍ പ്രവര്‍ത്തിക്കുന്നത്.
ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം അനുസരിച്ച് ഒന്നുമുതല്‍ നാലുവരെ ഡോക്ടര്‍മാരാണ് ഒ.പിയില്‍ ഡ്യൂട്ടി ചെയ്യുന്നത്. ഇത്രയും ഡോക്ടര്‍മാരെ വെച്ച് ഒ.പി വൈകുന്നേരം ആറുവരെ നീട്ടണമെന്നാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഈ സാഹചര്യത്തിലാണ് സമരമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.
https://www.facebook.com/Malayalivartha























