ശരീരത്തില്‍ ഉണ്ടായിരുന്നത് രണ്ടും മൂന്നും ദിവസങ്ങൾ പഴക്കമുള്ള പതിനെട്ട് ക്ഷതങ്ങള്‍... കരളും വൃക്കയും അടക്കമുള്ള ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി; ചെറു കുടല്‍ മുറിഞ്ഞുണ്ടായ ഗുരുതരമായ അണു ബാധ മരണത്തിലേയ്ക്ക് നയിച്ചു; കാലന്റെ കാക്കി വേഷമണിഞ്ഞ് പോലീസ് ഏമാന്മാർ മർദന മുറകളുടെ ആക്കം കൂട്ടിയപ്പോൾ പൊലിഞ്ഞുപോയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്...

ദേവസ്വംപാടത്ത് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ശ്രീജിത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പോലീസ് കസ്റ്റഡിയില്‍ മരിച്ച എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ അടിവയറ്റില്‍ മാരക മുറിവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കരളും വൃക്കയും അടക്കമുള്ള ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്നുവെന്നും ശരീരത്തില്‍ 18 ക്ഷതങ്ങള്‍ ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് കസ്റ്റഡിയില്‍ അതി ക്രൂരമായ മര്‍ദ്ദനം ഏറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
അടിവയറ്റില്‍ ആഴത്തിലുള്ള മുറിവേറ്റു. ചെറു കുടല്‍ മുറിയുകയും തുടര്‍ന്നുണ്ടായ ഗുരുതരമായ അണു ബാധയുമാണ് മരണത്തിലേയ്ക്ക് നയിച്ചത്. വൃക്കയും കരളുമടക്കമുള്ള പ്രധാന ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ശരീരത്തില്‍ 18 ക്ഷതങ്ങളുണ്ട്. ഇവയ്ക്ക് 2 മുതല്‍ 3 ദിവസം വരെ പഴക്കമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഫോറന്‍സിക് വിഭാഗം പ്രൊഫസര്‍ ഡോകടര്‍ സക്കറിയ തോമസിന്റെ നേതൃത്വതിലുള്ള 3 അംഗ സംഘമാണ് ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.
പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അടുത്ത ദിവസം തന്നെ പൊലീസ്, ഫോറന്‍സിക് സര്‍ജന്റെ വിശദ മൊഴി രേഖപ്പെടുത്തും. കസ്റ്റഡി മരണക്കേസില്‍ സിഐയും എസ്‌ഐയും അടക്കം നാല് പൊലീസുകാര്‍ക്ക് കൂടി കൂടി ഇന്നലെ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടുന്ന പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, വരാപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ ദീപക്, ഗ്രേഡ് എഎസ്ഐ സുധീര്‍, വരാപ്പുഴ സ്റ്റേഷനിലെ സീനിയര്‍ സിപിഓ സന്തോഷ് ബേബി എന്നിവര്‍ക്കായിരുന്നു സസ്‌പെന്‍ഷന്‍. വരാപ്പുഴയിലെ എസ്‌ആര്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വഷിക്കുന്ന ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിള്ള അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഐയും എസ്‌ഐയും ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്റ് ചെയ്തത്.
കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളില്‍ നിന്ന് വിവരം തേടവേ, ഐജി ശ്രീജിത്ത് സിഐയും എസ്‌ഐയും അടക്കമുള്ളവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് വന്നത്. നേരത്തെ, ശ്രീജിത്തിനെ വീട്ടില്‍ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ മൂന്ന് പൊലീസുകാരെ ചൊവ്വാഴ്ച വൈകുന്നേരം സസ്‌പെന്റ് ചെയ്തിരുന്നു.
ഇതോടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ ഏഴായി. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ പ്രത്യേക സ്‌ക്വാഡില്‍പ്പെട്ട പൊലീസുകാരാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മഫ്തിയിലെത്തി ശ്രീജിത്തിനെയും സഹോദരന്‍ സജിത്തിനെയും കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് ചൊവ്വാഴ്ച സസ്‌പെന്റ് ചെയ്തത്. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ നിന്ന് പൊസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരത്തിനായി നാട്ടില്‍ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു.
തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയാണ് മൂന്ന് പൊലീസുകാരെ പ്രാഥമിക നടപടിയെന്ന നിലയില്‍ സസ്‌പെന്റ് ചെയ്യുന്നതായി അറിയിച്ചത്. അന്വേഷണത്തെ തുടര്‍ന്ന് കൂടുതല്‍ നടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ക്രൈബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കസ്റ്റഡിമരണം അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയോഗിച്ചത്.
ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സിഐയും എസ്‌ഐയും ഗ്രേഡ് എസ്‌ഐയും അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സസ്‌പെന്റ് ചെയ്തത്. അതേസമയം, കസ്റ്റഡിമരണത്തില്‍ എസ്‌ഐ ദീപക് അടക്കമുള്ളവരെ പ്രതിചേര്‍ത്ത് കേസ് ഫയല്‍ ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. കസ്റ്റഡിമരണം സംബന്ധിച്ച അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഇതിനായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha























