പാറക്കുളത്തിലെ മുങ്ങിമരണം മരിച്ച സീതയ്ക്ക് നല്ല പോലെ നീന്തല്‍ അറിയാം മൃതദേഹങ്ങള്‍ കണ്ടെത്തിയത് മുളയുടെ ചില്ലകള്‍ക്കിടയില്‍നിന്ന്

അഞ്ഞൂര്‍ പാറക്കുളത്തില്‍ വീട്ടമ്മയടക്കം നാലുപേര്‍ മരിക്കാനിടയായ ദുരന്തത്തിന് ദുരൂഹതള്‍ ഏറെയാണ്. എന്താണു സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ അപകടം നടന്ന കുളത്തിനു അല്‍പം ദൂരെ വീടുകളുണ്ട്. സാക്ഷിയായി വസ്ത്രങ്ങളും ചെരുപ്പും മാത്രം. എന്നാല്‍ നിലവിളികള്‍ ഒന്നുംതന്നെ കേട്ടിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പലരും വിഷുവിന്റെ ആഘോഷത്തിലായിരുന്നു.സ്ഥിരമായി നാട്ടുകാര്‍ ഈ പാറക്കുളത്തിലാണ് വസ്ത്രങ്ങള്‍ അലക്കിയിരുന്നത്. ക്വാറിയായതിനാല്‍ വേനല്‍ക്കാലത്തും ധാരാളം വെള്ളമുണ്ടായിരിക്കും. മരിച്ച സീതയ്ക്ക് നല്ല പോലെ നീന്തല്‍ അറിയാം. ഇതുകാരണം വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യത വിരളമാണ്. മരിച്ച ഹാഷിം ഷര്‍ട്ട് ഊരി വച്ചശേഷം കുളത്തില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതിവീണ് മുങ്ങിത്താഴ്ന്നതായി കരുതുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു മൂന്നുപേരും കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് കരുതുന്നത്. മുളയുടെ ചില്ലകള്‍ക്കിടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മുങ്ങിത്താഴ്ന്നവര്‍ മുളയുടെ ചില്ലകള്‍ക്കിടയില്‍ കുടുങ്ങിപ്പോയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. ഇത് കുളത്തിന്റെ കരയ്ക്കടുത്തുതന്നെയാണ്. തങ്കയാണ് സീതയുടെ അമ്മ. സീതയുടെ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി പ്രകാശനുമായി ഇപ്പോള്‍ ബന്ധമില്ല. മകള്‍ പ്രതിക (കിങ്ങിണി) തൊഴിയൂര്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഭര്‍ത്താവായ മുഹമ്മദുമായി അകന്നു കഴിയുന്ന ബുഷറയുടെ മകളായ സന കുന്നംകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഉമ്മ ബുഷറയ്ക്ക് ഗള്‍ഫിലാണ് ജോലി. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. സന നല്ല വായനാശീലമുള്ള വിദ്യാര്‍ഥിനിയായിരുന്നു. സമീപത്തെ വായനശാലയിലെ ലൈബ്രേറിയനായും പ്രവര്‍ത്തിക്കാറുണ്ട്. നാടകം, നൃത്തം എന്നിവയിലും മികവു പുലര്‍ത്തിയിരുന്ന സന സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ റെഡ് വളണ്ടിയറായിരുന്നു. പാരലല്‍ കോളജില്‍ പ്ലസ്ടുവിനു പഠിക്കുന്ന സഹദാണ് സഹോദരന്‍.
ബുഷറയുടെ ബന്ധുവായ സീനത്ത് അനസ് ദമ്പതികളുടെ മകനാണ് ഹാഷിം. വിഷു പ്രമാണിച്ച് ചേലക്കര കാളിയാറോഡിലെ വീട്ടില്‍നിന്ന് ബുഷറയുടെ വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. മുള്ളൂര്‍ക്കര പൈങ്കുളം കിള്ളിമംഗലം അല്‍ ഇര്‍ഷാദ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. ഹസനയാണ് സഹോദരി.വിഷു ആഘോഷങ്ങള്‍ക്കിടയിലുണ്ടായ ദുരന്തം അഞ്ഞൂര്‍ ഗ്രാമത്തെയും പരിസരപ്രദേശങ്ങളെയും ദുഃഖത്തിലാഴ്ത്തി. വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് രാത്രിയില്‍ സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തിയത്. അഞ്ഞൂര്‍ പാറക്കുളത്തില്‍ ആദ്യമായാണ് നാലുപേര്‍ മുങ്ങിമരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ കുളത്തിനു പരിസരത്തും ക്വാറി കുളങ്ങളുണ്ട്.
https://www.facebook.com/Malayalivartha

























