സംസ്ഥാനത്ത് കടല്‍ക്ഷോഭം അതിരൂക്ഷമാകുന്നു; അഴീക്കോട് ബീച്ചിൽ യുവതിയെ കാണാതായി

സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. അഴീക്കോട് ബീച്ച് ഫെസ്റ്റിനെത്തിയ യുവതിയെ കാണാതായി. 24 കാരിയായ അശ്വനിയെയാണ് കടലില്‍ വീണു കാണാതായത്. കൂടെയുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മാള പഴുക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്റെ മകളായ അശ്വനി മാള മെറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയാണ്. അശ്വനിക്കൊപ്പം കൂടെയുണ്ടായിരുന്ന അമ്മ ഷീല(50), സഹോദരി ദൃശ്യ(24), ബന്ധുവായ അതുല്യ(18) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ദൃശ്യയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആറംഗ സംഘം ബീച്ചിലെത്തിയത്. ഇതില്‍ നാലുപേര്‍ മുട്ടോളം കടലിലേക്കിറങ്ങുകയായിരുന്നു. ഈ സമയത്ത് കൂറ്റന്‍ തിരമാലയോടൊപ്പം രൂക്ഷമായ കടലേറ്റവുമുണ്ടായതോടെ നാലുപേരും വെള്ളത്തില്‍ വീണുപോകുകയായിരുന്നു. ലൈഫ് ഗാര്‍ഡ് പ്രതാപന്‍ ഓടിയെത്തി മുങ്ങിത്താഴ്ന്നവരെ വലിച്ചുകയറ്റിയെങ്കിലും അശ്വനി പിടിവിട്ടു പോകുകയായിരുന്നു. തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല.
അഴീക്കോട് മുനയ്ക്കല്‍ ബീച്ച് ഫെസ്റ്റിന്റെ സമാപനദിവസത്തിലാണ് അപകടം നടന്നത്. അപകടത്തെതുടര്‍ന്ന് ബീച്ച് ഫെസ്റ്റ് നിര്‍ത്തിവെച്ചു. പലയിടങ്ങളിലും കടലാക്രമണം ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha























