വ്യാജ ഹര്‍ത്താലിൽ കുടുങ്ങിയവരില്‍ പ്രവാസികളും പ്രതിശ്രുത വരന്മാരും; പ്രവാസികളില്‍ പലരും മുങ്ങിയപ്പോള്‍, പ്രതിശ്രുത വരന്മാർ ആരുടെയെങ്കിലും കയ്യും കാലും പിടിച്ചു കേസ് ഒഴിവാക്കാനുള്ള ഓട്ടത്തിലാണ്

വ്യജ ഹര്‍ത്താലിന്റെ പേരില്‍ വ്യാപകമായി അറസ്റ്റ് നടക്കുമ്പോൾ കുടുക്കിലായവരില്‍ കൂടുതലും അവധിക്കെത്തിയ പ്രവാസികളും കല്യാണത്തീയതി നിശ്ചയിച്ച യുവാക്കളും. പ്രവാസികളില്‍ പലരും ഇരുചെവിയറിയാതെ മുങ്ങിയപ്പോള്‍, പ്രതിശ്രുത വരന്മാർ ആരുടെയെങ്കിലുമൊക്കെ കയ്യും കാലും പിടിച്ചു കേസ് ഒഴിവാക്കാനുള്ള ഓട്ടത്തിലാണ്.
അറസ്റ്റ് തുടങ്ങിയതോടെ ഒട്ടേറെപ്പേര്‍ അവധി മതിയാക്കി തിരിച്ചുപോയിട്ടുണ്ട്. ഗ്രൂപ്പ് അഡ്മിനായതിന്റെ പേരില്‍ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ടതു പ്രമുഖ വിദ്യാര്‍ഥി സംഘടനയുടെ നേതാവാണ്. ഈ പേരില്‍ ഒട്ടേറെ രാഷ്ട്രീയ സംഘടനാ നേതാക്കളും പ്രശ്‍നത്തിലായി.
പോക്സോ (ലൈംഗികാതിക്രമങ്ങളില്‍നിന്നു കുട്ടികളെ രക്ഷിക്കുന്നതിനുള്ള നിയമം) കേസിന്റെ നാണക്കേടില്‍നിന്ന് എങ്ങനെ ഒഴിവാകുമെന്ന ആലോചനയിലാണ് 'മണവാളന്‍മാര്‍.' ഈ വകുപ്പു ചേര്‍ക്കപ്പെട്ടാല്‍ രണ്ടാഴ്ച കഴിഞ്ഞേ ജാമ്യം കിട്ടുകയുള്ളു. വിദേശത്തുനിന്ന് അവധിക്കെത്തിയവരില്‍ ചിലര്‍ ആവേശത്തിന്റെ പുറത്താണു ഹര്‍ത്താല്‍ പ്രകടനങ്ങളില്‍ പങ്കെടുത്തത്.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനും വാഹനങ്ങള്‍ തടയാനും ആഹ്വാനം ചെയ്തുള്ള വാട്സാപ് സന്ദേശം പൊലീസിനു ലഭിച്ചിരുന്നു. ഹര്‍ത്താല്‍ ആഹ്വാനം അക്രമങ്ങളിലേക്കു വഴിതിരിച്ചുവിട്ട വിവിധ ശബ്ദ സന്ദേശങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങി. വിവിധ ഗ്രൂപ്പുകളില്‍ നടത്തിയ പരിശോധനയിലാണു കലാപത്തിന് ആഹ്വാനം ചെയ്ത സന്ദേശം ലഭിച്ചത്. ഉറവിടത്തെക്കുറിച്ചു സൂചന ലഭിച്ചു കഴിഞ്ഞു. അതു പ്രചരിച്ച ഗ്രൂപ്പും ലിങ്കുമാണ് അന്വേഷിക്കുന്നത്. കലാപം നടത്തുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























