കണ്ണൂര്‍ രാമന്തളിയിലെ നാവിക അക്കാദമിയിലെ മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശവാസികള്‍ വീണ്ടും സമരം ശക്തമാകുന്നു

കണ്ണൂര്‍ രാമന്തളിയിലെ നാവിക അക്കാദമിയിലെ മാലിന്യസംസ്‌കരണപ്ലാന്റിനെതിരെ പ്രദേശവാസികള്‍ വീണ്ടും സമരം ശക്തമാകുന്നു . മാലിന്യപ്ലാന്റ് വികേന്ദ്രീകരണം അടക്കമുള്ള കരാര്‍ ലംഘിച്ചതിനെതിരെയാണ് ജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങുന്നത്
വേനലടുക്കുന്നതോടെയാണ് നേവല്‍ അക്കദമിയുടെ മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന രാമന്തളിയിലെയും സമീപ പ്രദേശത്തെയും കിണറുകളില്‍ മലിന ജലം ക്രമാതീതമായി ഉയരുന്നത്. ഇതിനെതിരെ കഴിഞ്ഞ വര്‍ഷം ജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വലിയ സമരവും നടത്തിയിരുന്നു.
ഒടുവില്‍ സമരക്കാരുമായി അക്കാദമി അധികൃതര്‍ ചര്‍ച്ച നടത്തി ഉറപ്പുകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ ഇതുവരെയായി മാലിന്യ പ്ലാന്റ് വികേന്ദ്രീകരണമടക്കമുള്ള ഒത്തുതീര്‍പ്പ് കരാര്‍ അക്കാദമി അധികൃതര്‍ ലംഘിച്ചുവെന്നാണ് സമരക്കാരുടെ വാദം. അശാസ്ത്രീയമായ പ്ലാന്റിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ അനുമതിക്കെതിരെയും സമരം ശക്തമാക്കാനാണ് തീരുമാനം .കൂടാതെ ഈ മാസം 26 ന് രാമന്തളി യില്‍ നിന്ന് ബഹുജന മാര്‍ച്ചും സംഘടിപ്പിക്കും.
മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരാതി അയക്കാനുമാണ് പ്രതിഷേധക്കാരുടെ തീരുമാനം. അതിനിടെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെയും എം.എല്‍.എ മാരുടെയും യോഗവും ഇന്ന് വൈകീട്ട് കണ്ണൂരില്‍ ചേരുന്നുണ്ട്.
https://www.facebook.com/Malayalivartha























