സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ടെക്‌നീഷ്യന്‍മാരില്ല ; രോഗികൾ ദുരിതത്തിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ടെക്‌നീഷ്യന്‍മാരില്ലാതായതോടെ വൃക്ക രോഗികള്‍ ദുരിതത്തില്‍. ഡയാലിസിസ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകാത്തതോടെ സ്വകാര്യ ആശുപത്രിയെയാണ് മിക്കരോഗികളും ആശ്രയിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവിധ ആധുനിക സംവിധാനങ്ങളോടുകൂടെ ആരംഭിച്ച ഡയാലിസിസ് യൂണിറ്റുകള്‍ നോക്കുകുത്തിയായി മാറുകയാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ 500 രൂപയിൽ ഒതുങ്ങുമ്പോൾ സ്വകാര്യ ആശുപത്രികളില്‍ ഒരു തവണ ഡയാലിസിസ് പൂര്‍ത്തിയാക്കാന്‍ 2000 രൂപ വരെയാണ് ചെലവ്. കൂടാതെ യാത്രക്കും ഭക്ഷണത്തിനും മരുന്നിനുമായി ചെലവ് കൂടും. ഡയാലിസിസിന് ഉപയോഗിക്കുന്ന കിറ്റുകള്‍ക്ക് 900 രൂപ മുതല്‍ 1200 രൂപ വരെയാണ് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നത്. ആഴ്ചയില്‍ ഒന്നിൽകൂടുതൽ പ്രാവശ്യം ഡയാലിസിസിന് വിധേയരാകുന്നവരെ ഇത് കാര്യമായി ബാധിക്കുന്നു.
ഒരു യൂണിറ്റിന് മൂന്ന് ടെക്‌നീഷ്യന്‍ എന്ന അനുപാതമാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ആകെയുള്ളത് വിരലില്‍ എണ്ണാവുന്നത്ര ടെക്‌നീഷ്യന്‍മാരാണ്. മെഡിക്കല്‍ കോളജുകളില്‍ തിരുവനന്തപുരത്തും കോട്ടയത്തും മാത്രമാണ് സ്ഥിരം ടെക്‌നീഷ്യന്‍മാരുള്ളത്.
ഡയാലിസിസ് യൂണിറ്റുകളില്‍ ടെക്‌നീഷ്യന്‍മാരുടെ തസ്തിക സൃഷ്ടിച്ച് കിട്ടാത്തതിലെ കാലതാമസമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നത്. അതെസമയം നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
https://www.facebook.com/Malayalivartha
























