സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ചു പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ലെന്നു ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ചു പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ലെന്നു ഹൈക്കോടതി. മാനേജ്‌മെന്റുകള്‍ക്കു സര്‍ക്കാരിനെ സമീപിക്കാമെന്നും മധ്യസ്ഥചര്‍ച്ചകള്‍ തുടരാമെന്നും നിര്‍ദേശം. കൂട്ടിയ ശമ്പളം നല്‍കുന്നത് അപ്രായോഗികമാണെന്നു കാട്ടി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതിയുടെ ഉത്തരവ്.
എല്ലാ ആശുപത്രികളും ഒരേ നിലവാരത്തിലുള്ളതല്ലെന്നും അധിക സാമ്പത്തികബാധ്യത കാരണം ആശുപത്രികള്‍ പൂട്ടേണ്ടിവരുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍, സുപ്രീം കോടതി നിയമിച്ച സമിതി നിര്‍ദേശിച്ചതിലും കുറഞ്ഞ ശമ്പളമാണു പല ആശുപത്രികളിലും നല്‍കുന്നതെന്നു കോടതി നിരീക്ഷിച്ചു.
ഭീമമായ തുക ഈടാക്കുന്ന ആശുപത്രികള്‍ നഴ്‌സുമാര്‍ക്ക് അനുയോജ്യമായ വേതനം നല്‍കുന്നില്ലെന്നു കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ വിജ്ഞാപനത്തിന് ഇടക്കാല സ്‌റ്റേ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വേനലവധിക്കു ശേഷം വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണു കേസ് പരിഗണിച്ചത്.
https://www.facebook.com/Malayalivartha

























