സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനായി കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. എസ്എഫ്‌ഐയുടെ സമരം ചെയ്യുന്നിടത്ത് ആരാണ് ബ്ലെയ്ഡ് കൊണ്ടുവന്നതെന്ന് കണ്ടെത്തുമെന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐയുടെ സെക്രട്ടേറിയറ്റ് സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ചെന്ന ആരോപണം ഏറെ വിവാദമായിരുന്നു. ബ്ലെയ്ഡു കൊണ്ടുള്ള വരയലില്‍ ഏതാനും പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
''ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്നത് കണ്ടെത്തും. സമരത്തിനു വരുമ്പോള്‍ ബ്ലെയ്ഡ് കൊണ്ടുവരുന്നത് തെറ്റായ രീതിയാണ്. പൊലീസിനു ലാത്തിയും തോക്കുമൊക്കെയുണ്ട്. അതുകൊണ്ട് ബ്ലെയ്ഡിന്റെ ആവശ്യമില്ല. ബ്ലെയ്ഡ് കൊണ്ടുവന്ന സമരരീതി അംഗീകരിക്കാന്‍ പറ്റില്ല. ബ്ലെയ്ഡ് കൊണ്ടുവന്ന് പൊലീസുകാരെ വരയുക, ഇതൊരു പുതിയ രീതിയാണ്. പൊലീസുകാരും മനുഷ്യരാണ്, ബ്ലെയ്ഡ് കൊണ്ടുവന്നവരെ പിടികൂടും. ഞങ്ങളൊക്കെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്നവരാണ്. ബ്ലെയ്ഡ് കൊണ്ടുവന്നവരെ നിയമത്തിനു മുന്നില്‍ െകാണ്ടുവരും, അതില്‍ ഒരു സംശയവും വേണ്ട''– ചെന്നിത്തല പറഞ്ഞു.
ബാറുകള്‍ അടയ്ക്കുന്ന പരിപാടി ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മദ്യനയം സംബന്ധിച്ച് പ്രശ്‌നങ്ങളൊന്നുമില്ല. അക്കാര്യം യുഡിഎഫ് കൂടി തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ബാറുകള്‍ അടച്ചുപൂട്ടണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് 'ബാറുകള്‍ അടയ്ക്കുന്ന പരിപാടി ഇപ്പോള്‍ ആലോചിച്ചിട്ടില്ലെ'ന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















