കര്‍ണാടക എംഎല്‍എമാര്‍ കേരളത്തിലേക്ക്... കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ കൊച്ചിയില്‍ എത്തിച്ചേക്കുമെന്ന് സൂചന; എം.എല്‍.എമാര്‍ ആലപ്പുഴയിലെ റിസോര്‍ട്ടിലേക്ക് വരുന്നുവെന്ന അഭ്യൂഹങ്ങള്‍ റിസോര്‍ട്ട് ഉടമയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി തള്ളി

കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ കേരളത്തില്‍ എത്തിച്ചേക്കുമെന്ന് സൂചന. രാത്രിയോടെ പ്രത്യേക വിമാനത്തില്‍ എം.എല്‍.എമാരെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരങ്ങള്‍. യെദിയൂരപ്പ ബിജെപിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടിന് ഈഗിള്‍ ടെണ്‍ നല്‍കിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്. എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് നീക്കം.
ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില നഗരങ്ങള്‍ ഇതിനായി പരിഗണിച്ചെങ്കിലും കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുമതല വഹിച്ച കെ.സി.വേണുഗോപാല്‍, പി.സി.വിഷ്ണുനാഥ് എന്നിവരുടെ നിര്‍ദ്ദേശവും ഇതിനായി പരിഗണിച്ചെന്നാണ് സൂചന. എംഎല്‍എമാരെ കേരളത്തില്‍ സുരക്ഷിതമായി നിര്‍ത്താനുളള സാഹചര്യങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കേരളത്തിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു.
അതിനിടെ എം.എല്‍.എമാര്‍ ആലപ്പുഴയിലെ റിസോര്‍ട്ടിലേക്ക് വരുന്നുവെന്ന അഭ്യൂഹങ്ങള്‍ റിസോര്‍ട്ട് ഉടമയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി തള്ളി. ഇതേക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച അന്വേഷണം നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
റിസോട്ടിന്റെ സുരക്ഷ പിന്‍വലിച്ചതോടെ ബി.ജെ.പി സ്വന്തം പാളയത്തിലേക്ക് എം.എല്‍.എമാരെ കൊണ്ടുപോകാതിരിക്കാന്‍ പഞ്ചാബിലേയോ കേരളത്തിലേയോ ഏതെങ്കിലും റിസോട്ടുകളിലേക്ക് എം.എല്‍.എമാരെ മാറ്റാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
https://www.facebook.com/Malayalivartha