സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കും വരുന്ന അദ്ധ്യയന വര്‍ഷം മുതല്‍ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കും വരുന്ന അദ്ധ്യയന വര്‍ഷം മുതല്‍ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കും. ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. നാല് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരിരക്ഷ ലഭിക്കും. പ്രീമിയം അടയ്‌ക്കേണ്ടതില്ല. അപകടത്തില്‍ മരണമടഞ്ഞാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് 50,000 രൂപ ലഭിക്കും. പരിക്കേറ്റാല്‍ പരമാവധി 10,000 രൂപയും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകട മരണം സംഭവിച്ചാലും ഇന്‍ഷ്വറന്‍സ് തുക ലഭിക്കും.
കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സ്ഥിരനിക്ഷേപമായിട്ടാണ് തുക അക്കൗണ്ടിലെത്തുക. ഇതിന്റെ പലിശ തുടര്‍ പഠനത്തിന് ഉപയോഗിക്കാം. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിനെ പദ്ധതി ചുമതല ഏല്പിക്കാനാണ് ആലോചിക്കുന്നത്. ഒന്ന് മുതല്‍ പത്തുവരെ ക്‌ളാസുകളിലെ കുട്ടികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് നിലവിലുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നടത്തിപ്പ് ചുമതല. 1988ലാണ് ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങിയത്. അപകട മരണത്തിന് 10,000 രൂപയാണ് കണക്കാക്കിയിരുന്നത്.
എന്നാല്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുക ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ പദ്ധതി മുടങ്ങി. 2013ല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി സര്‍ക്കാര്‍ പുതുക്കി. അപകട മരണത്തിന് 50,000 രൂപയായി തുക ഉയര്‍ത്തുകയും ചെയ്തു. 35 ലക്ഷത്തിലധികം കുട്ടികള്‍ നിലവില്‍ അംഗങ്ങളാണ്.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷ്വറന്‍സ് സര്‍ക്കാരിന്റെ അന്തിമ പരിഗണനയിലാണ്. ഇക്കൊല്ലം തന്നെ നടപ്പാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha