പ്രിയതമന്റെ വിയോഗ വാർത്ത കേട്ട് താങ്ങാനാകാതെ തളർന്ന് വീണ് ഭാര്യ

കോട്ടയത്ത് കൊല്ലപ്പെട്ട നവവരന്റെ ഭാര്യ നീനു ചാക്കോയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കോട്ടയത്തെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയായ കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയും കോട്ടയം നാട്ടാശേരി സ്വദേശി കെവിന്‍.പി.ജോസഫും മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തോട് നീനുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു.
ഇതിനിടയില്‍ മറ്റൊരാളുമായി നീനുവിന്റെ വിവാഹം നിശ്ചയിച്ചുവെങ്കിലും നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം പോകണമെന്നാണ് നീനു മൊഴി നല്‍കിയത്. ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പൊലീസുകാരുടെ മുന്നില്‍ വച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വാങ്ങി. തുടര്‍ന്ന് നീനുവിനെ അമ്മഞ്ചേരിയിലുള്ള ഹോസ്‌റ്റലിലേക്ക് മാറ്റി. എന്നാല്‍ ഞായറാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തില്‍ കെവിന്റെ വീട്ടിലെത്തിയ സംഘമാണ് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ട് പോയത്.
പുലര്‍ച്ചെ നടന്ന സംഭവം മിനിറ്റുകള്‍ക്കം തന്നെ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തട്ടിക്കൊണ്ട് പോയ സംഘവുമായി പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തിനടുത്ത് വച്ച് ഇറക്കി വിട്ടു. തുടര്‍ന്ന് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തിയ അനീഷിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും കൂടുതല്‍ അന്വേഷണം നടത്താന്‍ മിനക്കെട്ടില്ല. പെണ്‍കുട്ടിയെ വിട്ടയച്ചാല്‍ കെവിനെ വെറുതെ വിടാമെന്നാണ് പൊലീസിനോടും സംഘം പറഞ്ഞെന്നാണ് വിവരം. ഇതിനിടയില്‍ കെവിനെയും പത്തനാപുരത്ത് ഇറക്കി വിട്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നു. ഇതിലെ നിജസ്ഥിതി അന്വേഷിക്കാനും പൊലീസ് തയ്യാറായില്ല.
ബന്ധുക്കള്‍ പരാതിയുമായി സ്‌റ്റേഷനിലെത്തിയെങ്കിലും കോട്ടയം മെഡിക്കല്‍ കോളേജിലെ പുതിയ അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയ ശേഷം അന്വേഷിക്കാമെന്നാണ് പൊലീസുകാര്‍ മറുപടി നല്‍കിയത്. എന്നാല്‍ തന്റെ മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് ചാക്കോ പരാതി നല്‍കിയതോടെ നീനുവിനെ വൈകുന്നേരം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. എന്നാല്‍ കെവിനൊപ്പം പോകണമെന്ന് നീനു ആവര്‍ത്തിച്ചതോടെ കെവിന്റെ ബന്ധുക്കള്‍ക്കൊപ്പം കുട്ടിയെ വിട്ടു.
കെവിനെ തട്ടിക്കൊണ്ട് പോയ വാഹനങ്ങളിലൊന്ന് കഴിഞ്ഞ രാത്രി തന്നെ തെന്മല ഭാഗത്ത് നിന്നും കണ്ടെത്തിയിരുന്നു. മൂന്ന് വാഹനങ്ങളിലായി 12 അംഗ സംഘമാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. ആര്യങ്കാവ് ചെക്പോസ്‌റ്റ് വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍ ഇതിനിടയില്‍ തന്നെ കെവിന്‍ കൊല്ലപ്പെട്ടതായാണ് സൂചന. തുടര്‍ന്ന് തെന്മലയ്‌ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര തോട്ടില്‍ കെവിന്റെ മൃതദേഹം ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാലേ മരണകാരണം വ്യക്തമാകൂ. അതേസമയം, പ്രതികള്‍ തെങ്കാശി ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha
























