ആശുപത്രി പരിസരം സംഘർഷഭരിതമായി; മെഡിക്കൽ കോളേജിലെത്തിച്ച കെവിന്റെ മൃതദേഹം തടഞ്ഞു

കോട്ടയം: ഭാര്യാ സഹോദരനും കൂട്ടാളികളും തട്ടിക്കൊണ്ട് പോവുകയും പിന്നീട് മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത കോട്ടയം സ്വദേശി കെവിന്റെ മൃതദേഹം വഹിച്ച് കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്കെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. ഇതേത്തുടർന്ന് ആശുപത്രിയിൽ പോലീസും രാഷ്ട്രീയ പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷാവസ്ഥ ഉണ്ടായി.
ഉച്ചക്ക് മുതൽ തന്നെ ആശുപത്രി പരിസരത്ത് കെ.പി.എം.എസ്, ബി.എസ്.പി തുടങ്ങിയ സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു. പൊലീസിനെതിരെയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ഇതിനിടയിലാണ് കെവിന്റെ മൃതദേഹവും വഹിച്ച് കൊണ്ട് വാഹനമെത്തുന്നത്. ഇതോടെ പ്രവർത്തകരുടെ പ്രതിഷേധം ഇരട്ടിയായി. എന്നാൽ പ്രതിഷേധം തണുപ്പിക്കാൻ പൊലീസ് ശ്രമിച്ചതോടെ പ്രവർത്തകരുമായി ഉന്തും തള്ളിലും കലാശിച്ചു. ഇതോടെയാണ് സ്ഥലത്ത് ചെറിയ തോതിൽ സംഘർഷാവസ്ഥയുണ്ടായത്.
തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി ആംബുലൻസിൽ നിന്നും കെവിന്റെ മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി. കെവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതിന് പിന്നാലെ ഇവിടേക്കുള്ള വാതിൽ അടച്ചുവെന്ന് ആരോപിച്ച് പൊലീസുമായി വീണ്ടും വാക്കേറ്റമുണ്ടായി. പിന്നീട് പൊലീസും മുതിർന്ന നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കെവിന്റെ മാതാപിതാക്കളും ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























