കാശ്മീരില്‍ അനുവദിച്ചിരുന്ന വ്യക്തിഗത ആയുധ ലൈസന്‍സുകള്‍ റദ്ദുചെയ്തു

ജമ്മു കശ്മീരില്‍ കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 23 വരെ അനുവദിച്ച വ്യക്തിഗത ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി. ആയുധം കൈവശം വെക്കുന്നതിനുള്ള 2016 ലെ നിയമ പ്രകാരമാണ് ഈ കാലയളവില്‍ അനുവദിച്ച ലൈസന്‍സുകള്‍ റദ്ദാക്കിയത്. പരിശോധനകളില്ലാതെ ആയുധ ലൈസന്‍സ് അനുവദിച്ചുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്. അടുത്ത ഒരു ഉത്തരവുണ്ടാകുന്നതു വരെ ആയുധ ലൈസന്‍സ് അനുവദിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
കിഷ്ത്വാര്‍, കുപ്‌വാര, ഗന്ദേര്‍ബല്‍, ലെഹ്, രജൗരി, രംബാന്‍, റേസി, ഉദ്ദംപൂര്‍ എന്നീ ജില്ലകളില്‍ 2017 മുതല്‍ 2018 ഫെബ്രുവരി വരെ അനുവദിച്ച എല്ലാ വ്യക്തിഗത ആയുധ െൈലസന്‍സുകളും പിന്‍വലിക്കണമെന്നും ഇവ പരിശോധിക്കണമെന്നും ഈ ജില്ലകളില്‍ പുതിയ ലൈസന്‍സുകള്‍ അനുവദിക്കരുതെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
മറ്റ് ജില്ലകളില്‍ ലൈസന്‍സ് അനുവദിക്കുമ്പോള്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉത്തരവിലുണ്ട്. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെതാണ് ഉത്തരവ്. പരിശോധന കൂടാതെ ലൈസന്‍സ് അനുവദിച്ചുവെന്ന വിഷയം അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കുമായി സംസ്ഥാന വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. വിഷയത്തില്‍ ഒരു മാസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് സമര്‍പ്പിക്കണമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























