രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം നേടിയെടുക്കാനുള്ള ബിജെപി തന്ത്രം എന്‍ഡിഎയ്ക്കുള്ളിലും ഭിന്നത

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം നേടിയെടുക്കാനുള്ള ബിജെപി തന്ത്രം എന്‍ഡിഎയ്ക്കുള്ളിലും ഭിന്നതയ്ക്ക് ഇടയാക്കുന്നു വെന്ന് റിപ്പോര്‍ട്ട്. ജെഡിയു അംഗത്തെ മത്സരിപ്പിക്കാനുള്ള നീക്കമാണ് മുന്നണിയിലെ മറ്റൊരു കക്ഷിയായ ശിരോമണി അകാലിദളിന്റെ എതിര്‍പ്പിന് കാരണം. അകാലിദള്‍ നേതാവ് നരേഷ് ഗുജറാളിന്റെ പേരാണ് നേരത്തെ ഈ പദവിയിലേക്ക് പരിഗണിച്ചിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒഴിവാക്കി ജെഡിയുവിന്റെ ഹരിവന്‍ശ് നാരായണ്‍ സിങ്ങിനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് ഭിന്നതയ്ക്ക് കാരണം.
കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ വസതിയില്‍ ചേര്‍ന്ന യോഗം വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം ചര്‍ച്ചചെയ്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച തന്നെ അകാലിദള്‍ പ്രഖ്യാപിച്ചേക്കും. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ മൂന്ന് അംഗങ്ങളാണ് അകാലിദളിനുള്ളത്. അകാലിദള്‍ പ്രതിനിധികള്‍ അടക്കം എന്‍ഡിഎയ്ക്ക് 110 അംഗങ്ങളാണുള്ളത്. എന്‍ഡിഎയ്ക്ക് പുറത്തുള്ളവരില്‍ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനാതാദള്‍, ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസ് എന്നിവരുടെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നു. ഈ രണ്ട് പാര്‍ട്ടികള്‍ക്കുമായി 15 വോട്ടുണ്ട്. അകാലിദള്‍ വിട്ടുനിന്നാലും 123 വോട്ട് മതിയാകും ജയിക്കാന്‍. ഇതാണ് ബിജെപിയുടെ പ്രതീക്ഷ. അതേ സമയം ശിരോമണി അകാലിദള്‍ ഇടയുന്നത് മാസങ്ങള്‍ അപ്പുറത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപിക്ക് വെല്ലുവിളിയാകും.
https://www.facebook.com/Malayalivartha


























