രാജ്യതലസ്ഥാനത്തെ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് സ്റ്റിക്കറുകള്‍ പതിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതിയുടെ അനുമതി

ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡുകള്‍ വരുന്നു. വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ പതിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് സുപ്രീം കോടതി അനുമതി നല്‍കി. സെപ്തംബര്‍ 30 മുതല്‍ പദ്ധതി നടപ്പാക്കാന്‍ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് അനുമതി നല്‍കി. ഇതനുസരിച്ച് പെട്രോള്‍, സി.എന്‍.ജി വാഹനങ്ങളില്‍ ഇളംനീല സ്റ്റിക്കറും ഡീസല്‍ വാഹനങ്ങള്‍ക്ക് ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറും പതിക്കാനാണ് തീരുമാനം.വായു മലിനീകരണം ഏറിയ ദിനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം അടിസ്ഥാനമാക്കി വാഹനങ്ങള്‍ നിരത്തിലെത്താതെ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും.
പാരീസില്‍ നടപ്പാക്കി വരുന്ന മാതൃകയുടെ ചുവട് പിടിച്ചാണ് സര്‍ക്കാരിന്റെ നീക്കം. നിലവില്‍ മലിനീകരണം ഏറിയ ദിവസങ്ങളില്‍ ഒറ്റഇരട്ട അക്കങ്ങള്‍ അടിസ്ഥാനമാക്കി അവ നിരത്തില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ കൂടുതല്‍ ശാസ്ത്രീയമായി മലീനികരണ നിയന്ത്രണ നടപടികള്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഹോളോഗ്രാം അടിസ്ഥാനമാക്കുന്ന കളര്‍ സ്റ്റിക്കറാകും വാഹനങ്ങളില്‍ പതിക്കുകയെന്ന് ജസ്റ്റിസ് എം.ബി. ലോക്കൂര്‍, എസ്. അബ്ദുല്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എ.എന്‍.എസ്. നദ്കര്‍ണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























