നീറ്റ് ഒറ്റത്തവണ മാത്രം ... മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകള്‍ ഒരു വര്‍ഷം രണ്ടു തവണ നടത്താനുള്ള നീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറി

നീറ്റ് പരീക്ഷ ഒരു വര്‍ഷം രണ്ടു തവണ നടത്താനുള്ള നീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറി. കേന്ദ്ര മാനവവിഭവശേഷി വകുപ്പുമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്താനുള്ള നീക്കത്തില്‍നിന്നും മന്ത്രാലയം പിന്‍മാറി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഓണ്‍ലൈന്‍ പരീക്ഷ പ്രതികൂലമായി ബാധിക്കുമെന്നതു കണക്കിലെടുത്താണു മന്ത്രാലയത്തിന്റെ ഈ നീക്കം.
2019 നീറ്റ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഈ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ തുടങ്ങും. മേയ് അഞ്ചിനാണു പരീക്ഷ. നീറ്റ് പരീക്ഷ ഒന്നിലേക്ക് ഒതുക്കിയെങ്കിലും ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ(ജെഇഇ) രണ്ടു തവണ നടത്തുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ജെഇഇ മെയിന്‍ ജനുവരിയിലും ഏപ്രിലിലും നടത്തും. മെഡിക്കല്‍, എന്‍ജിനിയറിംഗ് പ്രവേശനപരീക്ഷകള്‍ ഒരു വര്‍ഷം രണ്ടു തവണ എഴുതാന്‍ അവസരമൊരുക്കി എന്‍ട്രന്‍സ് പരീക്ഷകളില്‍ കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ അടിമുടി മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ച് മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) അടുത്ത വര്‍ഷം മുതല്‍ ഫെബ്രുവരിയിലും മേയിലും നടത്തുമെന്നാണ് അറിയിച്ചിരുന്നത്.
നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് എഴുതുന്നത്. ഇക്കൊല്ലം നീറ്റ് 13.36 ലക്ഷം പേരും ജെഇഇ മെയിന്‍ 11.5 ലക്ഷം പേരും എഴുതി.
https://www.facebook.com/Malayalivartha
























