ഗുജറാത്തില്‍ വീണ്ടും കോണ്‍ഗ്രസിനു തിരിച്ചടി; കോണ്‍ഗ്രസ് എംഎല്‍എ വല്ലഭ ധരാവിയ പാര്‍ട്ടിയില്‍നിന്നും രാജിവച്ചു

ഗുജറാത്തില്‍ വീണ്ടും കോണ്‍ഗ്രസിനു തിരിച്ചടി. കോണ്‍ഗ്രസ് എംഎല്‍എ വല്ലഭ ധരാവിയ പാര്‍ട്ടിയില്‍നിന്നും രാജിവച്ചു. ഇതോടെ നാലു ദിവസത്തിനിടെ മൂന്നാമത്തെ എംഎല്‍എയാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നത്. ജാംനഗറില്‍ നിന്നുള്ള നിയമസഭാംഗമായ ധരാവിയ എംഎല്‍എ സ്ഥാനവും രാജിവച്ചു. തിങ്കളാഴ്ച വൈകുന്നേരം അദ്ദേഹം തന്റെ രാജി സ്പീക്കര്‍ രജേന്ദ്ര ത്രിവേദിക്ക് കൈമാറി. അടുത്ത ദിവസം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അഹമ്മദാബാദില്‍ ചേരാനിരിക്കെയാണ് പുതിയ സംഭവികാസങ്ങള്‍.
കോണ്‍ഗ്രസ് നേതാവായിരുന്ന പാര്സോത്തം സബരിയയാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. മാര്‍ച്ച് എട്ടിന് ധ്രന്ഗാധ്രയിലെ എംഎല്‍എ സ്ഥാനം സബരിയ രാജിവച്ചിരുന്നു. ജലസേചന പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബറില്‍ സബരിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായിരുന്ന സബരിയയ്ക്ക് ഫെബ്രുവരിയിലാണ് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം ബിജെപിയില്‍ ചേരാന്‍ തനിക്ക് സമ്മര്ദമില്ലായിരുന്നെന്നും മണ്ഡലത്തിലെ വിഷയങ്ങളുടെ പേരിലാണ് പാര്‍ട്ടി വിടുന്നതെന്നും സബരിയ മാധ്യമങ്ങളോട് പറഞ്ഞു. ആഹിര്‍ സമുദായ നേതാവായ ജവാഹര്‍ ഛാവഡയാണ് കോണ്‍ഗ്രസ് വിട്ട മറ്റൊരു നേതാവ്. ഇദ്ദേഹത്തെ മന്ത്രിയാക്കി കഴിഞ്ഞ ദിവസം ബിജെപി സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha





















