വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു; നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു; മോദിക്കെതിരെ വാരണാസിയിൽ നിന്ന് മത്സരിക്കുമെന്ന് ജസ്റ്റിസ് സി.എസ്. കർണൻ

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ നിന്ന് മത്സരിക്കാൻ തയ്യാറാണെന്ന് റിട്ടയേർഡ് ജസ്റ്റിസ് സി.എസ്. കർണൻ വ്യക്തമാക്കി. താൻ ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ''വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു, അദ്ദേഹം പറഞ്ഞു. ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ചു നീക്കുകയാണ് തന്റെ സ്ഥാനാർത്ഥിത്വത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
അറുപത്തിമൂന്നുകാരനായ ജസ്റ്റിസ് കർണൻ വാരണാസി കൂടാതെ ചെന്നൈ സെന്ററിൽ നിന്നും ജനവിധി തേടുന്നുണ്ട്. ആദ്യമായി കോടതിയലക്ഷ്യക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ന്യായാധിപനാണ് ജസ്റ്റിസ് കർണൻ. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ന്യായാധിപര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു ജസ്റ്റീസ് കര്ണന്.
പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തു കൊണ്ടെഴുതിയ തുറന്ന കത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം. ജുഡീഷ്യറിയിലെ അംഗങ്ങള്‍ക്കെതിരെ നടത്തിയ പരസ്യപ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ സുപ്രീംകോടതിയുടെ എഴംഗ ബെഞ്ച് കോടതിയലക്ഷ്യത്തിനു കേസ് എടുക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പിന്നീട് അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.
ഏപ്രിൽ 25 ന് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷമായിരിക്കും മോദി സ്വന്തം മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവർ തെരഞ്ഞെടുപ്പ് റാലിയിൽ സംബന്ധിക്കും. വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടം തെരഞ്ഞെടുപ്പ് റാലികളിലും പ്രചാരണത്തിലും സജീവ പ്രവർത്തനമാണ് പ്രധാനമന്ത്രി കാഴ്ച വയ്ക്കുന്നത്.
കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷകക്ഷികളെയും നിശിതമായി വിമർശിച്ചും കടന്നാക്രമിച്ചുമാണ് മോദിയുടെ ഓരോ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളും. പാവങ്ങൾക്ക് വേണ്ടി ക്ഷേമപ്രവർത്തനം നടത്താൻ കോൺഗ്രസിനും തൃണമൂലിനും സാധിച്ചിട്ടില്ലെന്നാണ് ത്രിപുരയിൽ സംഘടിപ്പിച്ച റാലിയിൽ അദ്ദേഹം പ്രസംഗിച്ചത്. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ രാജ്യസുരക്ഷയും കാർഷിക പ്രതിസന്ധിയുടെ പരിഹാരവുമാണ് പ്രധാന ലക്ഷ്യങ്ങളെന്ന് മോദി വ്യക്തമാക്കിയിരുന്നു. മെയ് 19 നാണ് വാരണാസിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha