ബി.ജെ.പി 2004 മറക്കരുത്; പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കും; ബിജെപിക്ക് മുന്നറിയിപ്പുമായി യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി

ബിജെപിക്ക് മുന്നറിയിപ്പുമായി യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ പറഞ്ഞു. ബി.ജെ.പി 2004 മറക്കരുതെന്നും സോണിയ ഗാന്ധി ഓർമിപ്പിച്ചു. റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
"മോദി അപരാജിതനല്ല. രാജ്യത്ത് ജനങ്ങളെക്കാള്‍ വലുതായി ആരുമില്ല. 2004ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണി 262 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയിരുന്നു. വാജ്പേയി അധികാരത്തിലെത്തുമെന്നായിരുന്നു അന്നുണ്ടായ സര്‍വെ ഫലങ്ങളെ"ന്നും സോണിയ പറഞ്ഞു.
അതേസമയം,കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മോദിയെ വെല്ലുവിളിച്ച് രംഗത്തെത്തി. അഴിമതിയെ കുറിച്ചുള്ള സംവാദത്തിന് താന്‍ തയ്യാറാണെന്നും, മോദിയുടെ ഓദ്യോഗിക വസതിയിലായാലും വരാമെന്ന് രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസവും മോദിയെ ട്വിറ്ററിലൂടെ രാഹുല്‍ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ''പ്രിയ പ്രധാനമന്ത്രി, അഴിമതിയെക്കുറിച്ച് എന്നോട് സംവാദത്തിലേര്‍പ്പെടാന്‍ താങ്കള്‍ക്ക് ഭീതിയുണ്ടോ..? ഞാന്‍ താങ്കള്‍ക്ക് അത് കുറച്ച് എളുപ്പമാക്കിത്തരാം. താങ്കള്‍ക്ക് തയ്യാറെടുപ്പ് നടത്താം. 1-റാഫേലും അനില്‍ അംബാനിയും, 2- നീരവ് മോദി, 3- അമിത് ഷായും നോട്ട് അസാധുവാക്കലും. ഈ മൂന്ന് വിഷയങ്ങളില്‍ സംവാദം നടത്താം'" - രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 'സംവാദത്തിന് ഭയം" എന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
നാമനിര്‍ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും ഒപ്പം
കോണ്‍ഗ്രസ് ഓഫീസില്‍ ഹോമകുണ്ഡം കൂട്ടി സോണിയ ഗാന്ധി പൂജ നടത്തിയിരുന്നു. തെരഞ്ഞെെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്‍ബറേലിയില്‍ നിന്നുമാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്.
പ്രിയങ്കയുടെ മക്കളായ റായ്ഹാനും മിരായയും പൂജയിൽ സംബന്ധിച്ചു. സോണിയക്കൊപ്പം റായ്‌ബറേലിയിൽ എത്തുന്ന പ്രിയങ്ക റോഡ് ഷോ നടത്തിയേക്കും. സോണിയ ഗാന്ധി ഇത് അഞ്ചാം തവണയാണ് റായ്‍ബറേലിയിൽ നിന്ന് ജനവിധി തേടുന്നത്. മെയ് ആറിന് അഞ്ചാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ദിനേശ് പ്രതാപ് സിംഗാണ് സോണിയ ഗാന്ധിയുടെ എതിരാളി.
2004, 2006 ഉപതെരഞ്ഞെടുപ്പിലും 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും സോണിയ ഗാന്ധി ഇതേ മണ്ഡലത്തിലാണ് മത്സരിച്ച് വിജയിച്ചത്. 2014-ലെ തെരഞ്ഞെടുപ്പിൽ 15.94 ലക്ഷം വോട്ടർമാരുള്ള റായ്ബറേലി മണ്ഡലത്തിൽനിന്ന് 5,26,434 വോട്ട് നേടിയാണ് സോണിയ ഗാന്ധി വിജയിച്ചത്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ എസ്‍പി - ബിഎസ്‍പി സഖ്യം റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ സ്ഥാർത്ഥികളെ നിർത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം അമേഠിയില്‍ രാഹുല്‍ ഗാന്ധിയും നാമനിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ട്. അതേസമയം രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തിലും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമ നിർദ്ദേശപത്രിക സമർപ്പണത്തിനായെത്തുന്ന സ്മൃതി ഇറാനിയെ അനുഗമിക്കും. സ്മൃതി ഇറാനിയും യോഗി ആദിത്യനാഥും റോഡ് ഷോ നടത്തിയ ശേഷമായിരിക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.
https://www.facebook.com/Malayalivartha