തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍, എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കല്‍പ്പ റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനെട്ടിന് തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ പ്രധാനമന്ത്രി പ്രചാരണത്തിനെത്തില്ല.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് കണ്ടാല്‍ പാക്കിസ്ഥാനാണോ എന്ന് തോന്നുമെന്നതടക്കം ബിജെപി നേതാക്കള്‍ നടത്തി കൊണ്ടിരിക്കുന്ന തുടര്‍ച്ചായ വിവാദ പരമാര്‍ശങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോദി പങ്കെടുക്കുന്നത്. വടകര, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കുക. ഹിന്ദു ഭൂമിപക്ഷ മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഒളിച്ചോടിയെന്ന തന്റെ നേരത്തെയുള്ള വിമര്‍ശനം കോഴിക്കോടും പ്രധാനമന്ത്രി ആവര്‍ത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
കേരളത്തില്‍ രണ്ട് പരിപാടികളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി രാഹുല്‍ മത്സരിക്കുന്ന വയനാട്ടില്‍ പ്രചാരണത്തിനെത്തുന്നില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പകരം ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ മാസം പതിനാറിന് വയനാട്ടിലെത്തും. ശബരിമല വിഷയത്തിലുള്ള മേല്‍കൈ തെരഞ്ഞെടുപ്പില്‍ നേട്ടമാക്കാനിറങ്ങുന്ന ബിജെപി പ്രധാനമന്ത്രിയെ ശബരിമലയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളിലും പ്രധാനമന്ത്രി എത്തില്ല. ഇതിനിടെ ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിനെ കോഴിക്കോട്ടെ പ്രധാനമന്ത്രിയുടെ പരിപാടിയിലെത്തിച്ച് പൊതുപര്യടനം ശക്തമായി തുടരാനും ബിജെപി നേതാക്കള്‍ ആലോചിക്കുന്നുണ്ട്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ പ്രചാരണത്തിനെത്തുമെന്ന് ഉറപ്പായി. രാഹുല്‍ മത്സരരംഗത്തിറങ്ങിയതോടെ ദേശീയ നേതാക്കളെ ഇറക്കി കളം പിടിക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചതോടെയാണ് യെച്ചൂരി അടക്കം പ്രചാരണത്തിന് ഇറങ്ങുന്നത്. ഏപ്രില്‍ 18 ന് വയനാട് എത്തുന്ന യെച്ചൂരി ആദ്യം കല്‍പ്പറ്റയിലും പിന്നീട് വണ്ടൂരിലും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലും വൈകുന്നേരം 3.30യ്ക്ക് വണ്ടൂരിലുമാണ് പരിപാടികള്‍.
രാഹുലുമായി നല്ല വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന യെച്ചൂരി ഈ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ എന്ത് പറയുന്നു എന്നത് ശ്രദ്ധേയമാകും. പ്രത്യേകിച്ച് ഏപ്രില്‍ 4ന് പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ 'ഞാന്‍ സിപിഎമ്മിനെതിരെ എന്റെ പ്രചാരണത്തില്‍ ഒരക്ഷരം പോലും പറയില്ലെ'ന്ന് രാഹുല്‍ എടുത്തു പറഞ്ഞ സ്ഥിതിക്ക്. മാത്രമല്ല, തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം ജയിപ്പിക്കാന്‍ ഒന്നിച്ചു നില്‍ക്കുക കൂടി ചെയ്യുന്ന പാര്‍ട്ടികളാണെന്നും ശ്രദ്ധേയം.
ദക്ഷിണേന്ത്യയിലെ സീറ്റില്‍ നിന്നും കൂടി മത്സരിക്കാന്‍ രാഹുലിനോട് നിര്‍ദേശിച്ചത് യെച്ചൂരിയാണെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രീതിയില്‍ ചര്‍ച്ച വഴി മാറുന്നത് ഒഴിവാക്കുകയും രാഹുലിനെ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നേരിടുകയും ചെയ്യുന്നുവെന്ന സന്ദേശം നല്‍കുക എന്നത് കൂടി മുന്നില്‍ കണ്ടാണ് യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കളെ സിപിഎമ്മും സിപിഐയും രംഗത്തിറക്കുന്നത്.
ദേശീയനേതാക്കളെല്ലാം വരുന്നതോടെ എല്ലാ അര്‍ത്ഥത്തിലും കേരളത്തിലെ ഗ്ലാമര്‍ മണ്ഡലമായി വയനാട് മാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ എന്നിവരും വയനാട്ടിലെത്തി രാഹുലിനെതിരെ പ്രചാരണം നടത്തും. രാഹുല്‍ വീണ്ടും വയനാട്ടിലേക്ക് ഈ മാസം 16,17 തീയതികളിലെത്തും. പ്രിയങ്കയും ഒപ്പമുണ്ടാകാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ടും തിരുവനന്തപുരത്തുമാണ് പ്രചാരണയോഗത്തില്‍ പങ്കെടുക്കുക.
"
https://www.facebook.com/Malayalivartha