ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനക്ക് പ്രശംസയുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കുറ്റമറ്റ കൃത്യനിര്‍വഹണമാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയതെന്ന് പ്രതിരോധമന്ത്രി

ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേനക്ക് പ്രശംസയുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. കുറ്റമറ്റ കൃത്യനിര്‍വഹണമാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പ്രശംസ. പ്രതിരോധമന്ത്രാലയം പുറത്ത് വിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഇന്ത്യന്‍ വ്യോമസേന വിജയകരമായി പൂര്‍ത്തിയാക്കിയ അഭ്യാസ പ്രകടനങ്ങളായ ഗഗന്‍ശക്തി(2018)യും വായു ശക്തി(2019)യും ബാലാകോട്ട് വ്യോമാക്രമണത്തിലും വ്യക്തമായി പ്രതിഫലിച്ചിരുന്നു. പാക് വ്യോമസേനയുടെ പ്രതിരോധവിമാനം തകര്‍ത്ത അഭിനന്ദന്‍ വര്‍ദ്ധമാനെയും നിര്‍മല സീതാരാമന്‍ പ്രശംസിച്ചു. വ്യോമസേന നല്‍കുന്ന ഏറ്റവും മികച്ച പരിശീലനങ്ങളുടെ കൃത്യമായ പ്രതിഫലനം ആ സമയത്ത് കണ്ടതായി മന്ത്രി പറഞ്ഞു. പാക് പിടിയിലായ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയുടെ കൃത്യമായ നയതന്ത്ര ഇടപെടലുകളോടെ മാര്‍ച്ച് ഒന്നിനാണ് പാകിസ്ഥാന്‍ വിട്ടയക്കുന്നത്.
ഫെബ്രുവരി 27ന് പാകിസ്ഥാനില്‍ നടന്ന വ്യോമാക്രമണത്തില്‍ പാക് പ്രതിരോധ വിമാനം തകര്‍ത്തുവെന്ന വാദം പാകിസ്ഥാന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ വ്യോമാക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ തെളിവുകള്‍ ഇന്ത്യ പുറത്ത് വിടുകയായിരുന്നു. വ്യോമസേനയുടെ എല്ലാ പ്രതിരോധ നീക്കങ്ങള്‍ക്കും മന്ത്രി അഭിനന്ദനം അറിയിച്ചു. ഫെബ്രുവരി 14ന് ഇന്ത്യന്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയതോടെയാണ് പാകിസ്ഥാനിലെ ജെയ്ഷ് ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്.
ഇന്ത്യ വ്യോമാക്രമണം നടത്തിയതായി പറയുന്ന ബലാകോട്ട് പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പാകിസ്താന്‍ വിദേശ മാധ്യമ പ്രതിനിധികളെ ക്ഷണിച്ച് വരുത്തി. ബലാകോട്ടിലെ ആക്രമണം നടന്നതായി പറയുന്ന സ്ഥലങ്ങളും ജെയ്ഷ് ഇ മുഹമ്മദിന്റെ അധീനതയിലുള്ളതെന്ന് പറയപ്പെടുന്ന മതപഠന കേന്ദ്രവും സന്ദര്‍ശിക്കാന്‍ ബിബിസിയും അള്‍ജസീറയും ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്ക് പാകിസ്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ബലാകോട്ടിലെ ആളൊഴിഞ്ഞ പ്രദേശത്തെ ഒരു വലിയ കുഴി ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവിടെയാണ് ഇന്ത്യ ബോംബ് വര്‍ഷിച്ചത് എന്ന് പാകിസ്താന്‍ സൈന്യം പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പ്രവര്‍ത്തനരഹിതമായ മദ്രസ കേടുപാടുകളൊന്നും കൂടാതെ അവിടെ തന്നെ നില്‍ക്കുന്നുണ്ടെന്നും മദ്രസ്സയിലെ ചില അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നേരില്‍ കണ്ട് സംസാരിച്ചതായും ബിബിസി റിപ്പോര്‍ട്ടര്‍ ഉസ്മാന്‍ സാഹിദ് സാക്ഷ്യപ്പെടുത്തുന്നു. ആഗോളമാധ്യമങ്ങളുടെ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
ജെയ്ഷ് ഇ മുഹമ്മദിന്റെ നിയന്ത്രണത്തിലുള്ളതെന്ന് പറയപ്പെടുന്ന ആ കെട്ടിടം യഥാര്‍ത്ഥത്തില്‍ ഒരു മതപഠനസ്ഥാപനം മാത്രമാണ് ഭീകരകേന്ദ്രമൊന്നുമല്ല എന്ന് ഏതാണ്ട് ഉറപ്പായെന്നാണ് ആഗോളമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ നൂറോളം കുട്ടികള്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഉറക്കെ ചൊല്ലുന്നതായി കണ്ടുവെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടറുമാരുടെ സംഘം പറയുന്നത്. എന്നാല്‍ അവര്‍ മദ്രസയ്ക്കടുത്ത് താമസിക്കുന്ന കുട്ടികളാണെന്നും ഇന്ത്യയുടെ ആക്രമണം നടന്ന ദിവസം മുതല്‍ മദ്രസ്സ പ്രവര്‍ത്തിച്ചിട്ടില്ലെന്നുമാണ് മദ്രസ്സ അധ്യാപകര്‍ പ്രതികരിച്ചത്.
പ്രദേശത്തെ ഒരു വീടിന്റെ ഒരു വശം ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ചില മരണങ്ങളും കടപുഴകി വീണിട്ടുണ്ട്. നിരവധി ഭീകരരെ വധിച്ചുവെന്നും ഭീകര ക്യാമ്പുകള്‍ തകര്‍ത്തുവെന്നുമുള്ള ഇന്ത്യയുടെ ആരോപണത്തെ ഈ മാധ്യമങ്ങള്‍ക്ക് മുമ്പ് പാകിസ്താന്‍ സൈന്യം പൂര്‍ണ്ണമായും തള്ളിക്കളയുന്നു
https://www.facebook.com/Malayalivartha