വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദി വലിയ നുണയന്‍ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ധു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ധു. ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ഏറ്റവും വലിയ നുണയനാണ് മോദിയെന്ന് സിദ്ധു ആരോപിച്ചു. 2014 ല്‍ അധികാരത്തിലേറുന്നതിന് മുമ്പ് നല്‍കിയ വാ?ഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ മോദിക്ക് സാധിച്ചില്ലെന്നും സിദ്ധു പറഞ്ഞു. ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മോദിയെ പോലൊരു നുണയന്‍ മന്ത്രി ഇതിന് മുമ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. 2014ല്‍ 364 വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ ഒന്നുപോലും പ്രാവര്‍ത്തികമാക്കാന്‍ മോദിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കള്ളപ്പണം ഇപ്പോഴും മറ്റ് രാജ്യങ്ങളിലാണ്. വിരമിച്ച സൈനികര്‍ക്കുള്ള ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി ഇന്നുവരെ പ്രാവര്‍ത്തികമായിട്ടില്ല'- സിദ്ധു പറഞ്ഞു. ഇതെല്ലാം മറച്ചുവയ്ക്കാന്‍ 'കാവല്‍ക്കാരന്‍' തട്ടിപ്പുമായി മോദി വീണ്ടും വന്നിരിക്കുകയാണെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു.
മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ രാജ്യത്തെ പുറകോട്ട് നയിക്കുകയാണെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെല്ലാം അവര്‍ ഇല്ലാതാക്കുകയാണെന്നും സിദ്ധു കുറ്റപ്പെടുത്തി. ചൈന കടലിനടിയില്‍ റെയില്‍പാലങ്ങള്‍ നിര്‍മ്മിക്കുന്നു, റഷ്യ റോബോട്ട് സൈന്യത്തെ നിര്‍മ്മിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി 'കാവല്‍ക്കാരെ' നിര്‍മ്മിക്കാനുള്ള തിരക്കിലാണ്. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്തെ 2 ലക്ഷം കോടി കിട്ടാക്കടങ്ങള്‍ എങ്ങനെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 17 ലക്ഷം കോടിയായി വര്‍ദ്ധിച്ചതെന്നും സിദ്ധു ചോദിക്കുന്നു.
രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം കൊണ്ടാണ് മോദി കളിക്കുന്നതെന്നും ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് എന്നീ പദ്ധതികളിലൂടെ അവരുടെ കണ്ണില്‍ പൊടിയിടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിദ്ധു ആരോപിച്ചു.
https://www.facebook.com/Malayalivartha