മമത മോദിക്കൊപ്പം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മധുരപലഹാരങ്ങളും കുര്‍ത്തകളും സമ്മാനിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മധുരപലഹാരങ്ങളും കുര്‍ത്തകളും സമ്മാനിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍. മമതക്ക് എങ്ങനെയാണ് മോദിയുടെ കുര്‍ത്തകളുടെ അളവ് അറിയുന്നതെന്ന് താന്‍ അത്ഭുതപ്പെടുന്നുവെന്നായിരുന്നു പരിഹാസം. മോശമായ രീതിയിലുള്ള പരിഹാസത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയത്.
പശ്ചിമ ബംഗാള്‍ രണ്ട് കാര്യങ്ങള്‍ക്കാണ് ലോക പ്രശസ്തം. പാല്‍ക്കട്ടി കൊണ്ടുള്ള മധുര പലഹാരങ്ങള്‍ക്കും കുര്‍ത്തകള്‍ക്കും. പക്ഷേ, ഇന്നേവരെ മമതാജി മറ്റാര്‍ക്കും ഇത് രണ്ടും സമ്മാനിച്ചിട്ടില്ല. ഇവ ആര്‍ക്കെങ്കിലും സമ്മാനിക്കണമെന്ന് അവര്‍ക്ക് തോന്നുകയാണെങ്കില്‍ അത് ഒരാള്‍ക്ക് മാത്രമാണ് നല്‍കുക. അതില്‍ നിന്ന് നിങ്ങള്‍ മനസിലാക്കേണ്ടത് മോദിയുടെ കുര്‍ത്തയുടെ അളവ് മമതക്കറിയാം എന്നാണ് - രാജ് ബബ്ബാര്‍ പറഞ്ഞു.
തൃണമൂലിന്റെ ബി.ജെ.പി വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്ത ബബ്ബാര്‍, മമതയാണ് ബംഗാളില്‍ ബി.ജെ.പിയെ വളര്‍ത്തിയതെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും ന്യായയുക്തവുമായാല്‍ തൃണമൂല്‍ ബംഗാളില്‍ തകര്‍ന്നുപോകും എന്നുറപ്പുള്ളതുകൊണ്ടാണ് അവര്‍ അക്രമം പ്രോത്‌സാഹിപ്പിക്കുന്നതെന്നും ബബ്ബാര്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശങ്ങളെ തൃണമൂല്‍ നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി രൂക്ഷമായി വിമര്‍ശിച്ചു. സിനിമാ നടന്(രാജ് ബബ്ബാര്‍) ഔചിത്യം അറിയില്ല. സിനിമാക്കാരനായതിനാല്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തിലും അനുഭവസമ്പത്തില്ല. ഔചിത്യവും രാഷ്ട്രീയവും ഒന്നല്ലെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും പാര്‍ത്ഥ പറഞ്ഞു.
മോദിക്ക് സമ്മാനങ്ങള്‍ നല്‍കുന്ന മമതയുടെ നടപടിയെ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും വിമര്‍ശിച്ചു. തൃണമൂലിനും ബി.ജെ.പിക്കും ഇടയില്‍ രഹസ്യ ധാരണയുണ്ടെന്നും ബംഗാളില്‍ ഗുസ്തിയും ഡല്‍ഹിയില്‍ സൗഹൃദവുമാണെന്നും യെച്ചൂരി പരിഹസിച്ചു. നടന്‍ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖത്തിലാണ് മമതാ ബാനര്‍ജി തനിക്ക് വര്‍ഷാവര്‍ഷം മധുര പലഹാരങ്ങളും കുര്‍ത്തകളും നല്‍കാറുണ്ടെന്ന് മോദി അറിയിച്ചത്. അദ്ദേഹത്തിന് രസഗുള നല്‍കുമെന്നും എന്നാല്‍ ഒരു വോട്ടു പോലും നല്‍കില്ലെന്നും മമത മറുപടി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha