ചെയ്യാന്‍ സാധിക്കുന്നതിന്‍റെ പരമാവധി പാര്‍ട്ടിക്കായി ചെയ്തിരിക്കും; കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദിക്ക് ഡപ്യൂട്ടി ലീഡര്‍ പദവി നൽകി ശിവസേന

കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പ്രിയങ്ക ചതുർവേദിക്ക് പാര്‍ട്ടിയുടെ ഉപനേതാവ് (ഡപ്യൂട്ടി ലീഡര്‍) സ്ഥാനം നല്‍കി ശിവസേന. തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സമയത്ത് സ്ത്രീകൾ പാർട്ടിയിൽ സുരക്ഷിതരല്ല എന്ന് വ്യക്തമായി പ്രഖ്യാപിച്ചാണ് ദേശീയ വക്താക്കളിലൊരാളായിരുന്ന പ്രിയങ്ക ചതുർവേദി കോണ്‍ഗ്രസ് വിട്ടത്.
ഏപ്രില്‍ 19നാണ് പ്രിയങ്ക ശിവസേനയില്‍ ചേര്‍ന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പ്, 2010 ലാണ് പ്രിയങ്ക ചതുർവേദി കോൺഗ്രസിലെത്തുന്നത്. കോൺഗ്രസിലെത്തുന്ന സമയത്ത് ബ്ലോഗറും എഴുത്തുകാരിയുമായിരുന്നു ഇവർ. 2010 ൽ കോൺഗ്രസിലെത്തിയ പ്രിയങ്ക 2012 ആയപ്പോഴേക്കും കോൺഗ്രസിന്റെ മുംബൈ യൂത്ത് വിംഗിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുയർന്നു. സൈബറിടങ്ങളിൽ കോൺഗ്രസിന്റെ അതിശക്തയായ വക്താവായിരുന്ന പ്രിയങ്ക ചതുർവേദി 2013 മെയ് മുതലാണ് എഐസിസിയുടെ ദേശീയ വക്താക്കളിലൊരാളായത്. തന്നോട് അപമര്യാദയായി പെരുമാറിയ നേതാക്കൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിന്‍റെ പ്രതിഷേധമായിട്ടാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പ്രിയങ്ക രാജിവച്ചത്.
മഥുരയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് പ്രിയങ്കയ്ക്ക് അപമാനം നേരിടേണ്ടി വന്നത്. പാർട്ടി കുറ്റക്കാരെ പുറത്താക്കിയെങ്കിലും പിന്നീട് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇവരെ തിരിച്ചെടുത്തിരുന്നു. ഇതോടെയാണ് പാര്‍ട്ടി വിടാന്‍ പ്രിയങ്ക തീരുമാനിച്ചത്. തനിക്ക് പാര്‍ട്ടിയില്‍ സംഘാടക ചുമതലയും ഉത്തരവാദിത്വങ്ങളും നല്‍കിയതിന് പ്രിയങ്ക ഉദ്ധവ് താക്കറെയ്ക്ക് നന്ദി അറിയിച്ചു. തനിക്ക് ചെയ്യാന്‍ സാധിക്കുന്നതിന്‍റെ പരമാവധി പാര്‍ട്ടിക്കായി ചെയ്യുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha