കൊളംബോ ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരൻ സഹറാൻ ഹഷിമിന്റെ പിതാവും സഹോദങ്ങളും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പട്ടാളവും പോലീസും അടങ്ങുന്ന സംഘം റെയ്ഡിനെത്തവേ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പട്ടാള വക്താവ് സുമിത് അട്ടപ്പട്ടു

ശ്രീലങ്കയിലെ കൊളംബോയിൽ ഈസ്റ്റർദിന സ്ഫോടനങ്ങളുടെ സൂത്രധാരൻ സഹറാൻ ഹഷിമിന്റെ പിതാവും രണ്ടു സഹോദരങ്ങളും കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അന്തർദേശിയ വാർത്താ ഏജൻസിയായ റോയിറ്റേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചാവേറുകളായി പ്രവർത്തിച്ചവരുടെ ബന്ധുക്കളിൽനിന്നും പോലീസിൽനിന്നുമുള്ള വിവരങ്ങളാണ് റോയിറ്റേഴ്സ് പുറത്തുവിട്ടത്. സൈനി ഹാഷിം, റിൽവാൻ ഹാഷിം ഇവരുടെ പിതാവ് മുഹമ്മദ് ഹാഷിം എന്നിവരാണ് കൊല്ലപ്പെട്ടത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അവിശ്വാസികൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന വീഡിയോയിൽ ഇവർ മൂവരുമുണ്ട്. വെള്ളിയാഴ്ച വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ കൊല്ലപ്പെട്ടത്. ഭീകരരുടെ ഒളിത്താവളത്തിൽ ലങ്കൻ സുരക്ഷാസേന നടത്തിയ റെയ്ഡിനിടെ ഈ മൂന്നു പേർ ഉൾപ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്.
കിഴക്കൻ ശ്രീലങ്കയിലെ ബട്ടിക്കലോവയ്ക്കു സമീപം അമ്പര സൈന്തമരുതു പട്ടണത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടൽ. പട്ടാളവും പോലീസും അടങ്ങുന്ന സംഘം റെയ്ഡിനെത്തവേ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പട്ടാള വക്താവ് സുമിത് അട്ടപ്പട്ടു അറിയിച്ചു.
ഭീകരസംഘത്തിലെ മൂന്നു പേർ നടത്തിയ ചാവേർ സ്ഫോടനങ്ങളിലാണ് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടത്. സംഘത്തിലെ രണ്ടു പേരെ ഏറ്റുമുട്ടലിൽ വധിച്ചു. വെടിവയ്പിനിടെ പെട്ടുപോയ ഒരു സിവിലിയനും കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരു സ്ത്രീയെയും കുട്ടിയെയും ആശുപത്രിയിലാക്കി.
https://www.facebook.com/Malayalivartha