മഞ്ഞിൽ ജീവിക്കുന്ന അതികായനായ ഭീകരരൂപി; നേപ്പാൾ അതിർത്തിയിൽ 'യതി'യുടെ കാല്‍പാടുകള്‍ കണ്ടതായി ഇന്ത്യൻ സേന

നേപ്പാൾ അതിർത്തിയിൽ 'യതി'യുടെ കാല്‍പാടുകള്‍ കണ്ടതായി ഇന്ത്യൻ സേന. നേപ്പാള്‍ അതിർത്തിയോട് ചേർന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായാണ് കാൽപ്പാടുകൾ കണ്ടത്. ഇതിന്റെ ചിത്രങ്ങൾ സേനയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഒരു കാലിന്റെ മാത്രം പാടുകളാണ് സേന പുറത്ത് വിട്ട ചിത്രങ്ങളിലുള്ളത്. പുരാണ കഥകളിൽ പരാമർശിക്കപ്പെടുന്ന മഞ്ഞുമനുഷ്യനാണ് 'യതി'.
'ഇക്കഴിഞ്ഞ ഏപ്രിൽ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാൽപ്പാടുകൾ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്. ഇതാദ്യമായി ഇന്ത്യൻ ആർമി പർവതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ ഭീകരരൂപിയായ യതിയുടെ നിഗൂഢമായ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുകയാണ്. മകുൽ ബേസ് ക്യാംപിന് സമീപത്ത് നിന്നായി ഇക്കഴിഞ്ഞ ഏപ്രില്‍ 9 നാണ് 32*15 ഇഞ്ച് അളവിലുള്ള കാല്‍പാടുകൾ കണ്ടത്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുൺ നാഷണൽ പാർക്കിന് സമീപത്ത് കണ്ടതായി റിപ്പോർട്ടുകളുണ്ട്'.
പുരാണങ്ങളിലും നേപ്പാളിലെ നാടോടിക്കഥകളിലും പരാമർശിക്കപെടുന്ന മഞ്ഞിൽ ജീവിക്കുന്ന അതികായനായ ഭീകരരൂപിയാണ് യതി. പകുതി മനുഷ്യനും പകുതി മൃഗവുമായ യതി സത്യമോ മിഥ്യയോ എന്നത് സംബന്ധിച്ച് ഇപ്പോഴും സ്ഥിതീകരിക്കപ്പെട്ടിട്ടില്ല. ഹിമാലയം,സൈബീരിയ, സെൻട്രൽ-ഈസ്റ്റ് ഏഷ്യ പ്രദേശങ്ങളാണ് യതിയുടെ ആവാസ മേഖലകളായി കണക്കാക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha