സഞ്ജയ് ദത്തിന്റെ പരോള്‍ നീട്ടിത്തരണമെന്ന അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളി

പരോള്‍ നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്ത് സമര്‍പ്പിച്ച അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളി. കുടുംബത്തോടൊപ്പം ക്രിസ്തുമസ് അഘോഷിക്കുന്നതിനായി ഡിസംബര്‍ 24 മുതല്‍ 14 ദിവസത്തേക്കാണ് പുണെയിലെ യേര്‍വാഡ ജയിലില്‍നിന്ന് സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചിരുന്നത്. ഇത് 14 ദിവസത്തേക്കുകൂടി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് ദത്ത് നല്‍കിയ അപേക്ഷയാണ് സര്‍ക്കാര്‍ തള്ളിയത്.
ജയില്‍ നിയമം അനുസരിച്ച് തടവുകാര്‍ക്ക് 14 ദിവസത്തെ അവധിക്ക് അവകാശമുണ്ട്. മതിയായ കാരണം ബോധിപ്പിച്ചാല്‍ ഇത് 14 ദിവസത്തേക്കുകൂടി നീട്ടിനല്‍കാമെന്നും നിയമമുണ്ട്.2013 ല്‍ രണ്ടുപ്രാവശ്യം സഞ്ജയ് ദത്തിന് ഈ രീതിയില്‍ അവധി അനുവദിച്ചിരുന്നു. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പ് സഞ്ജയ് ദത്തിന് പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ദത്തിന് സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങളൊരുക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി നീട്ടിനല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉടന്‍ തന്നെ കീഴടങ്ങാന്‍ സഞ്ജയ് ദത്തിനോട് ആവശ്യപെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























