ലോക്സഭാ തെരഞ്ഞെടുപ്പിലെ രണ്ടാം വിജയ തിളക്കത്തിൽ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാൻ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ

ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തി കാശിയിൽ നിന്ന് തുടങ്ങിയ തെരഞ്ഞെടുപ്പ് യാത്ര, വിജയിച്ചെത്തിയ നരേന്ദ്രമോദിയെ വരവേൽക്കാൻ വാരാണസി ഒരുങ്ങി. രാവിലെ ഒമ്പതിന് വാരാണസി വിമാനത്താവളത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മോദിയെ വരവേറ്റു.
ഇന്നലെ ഗുജറാത്തിലെത്തി അമ്മയുടെ അനുഗ്രഹം തേടിയ ശേഷമാണ് മോദി കാശിയിലെത്തുന്നത്. ഉച്ചയ്ക്ക് ദില്ലിക്ക് മടങ്ങുന്ന മോദി 30 ന് രണ്ടാമതും റൈസിന കുന്നിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പടവുകൾ കയറും. വാരണാസിയിൽ തുടങ്ങിവച്ച ഗംഗ ശുദ്ധീകരണ പദ്ധതിയും കാശി വിശ്വനാഥ കോറിഡോർ പദ്ധതിയും ഇക്കുറി മോദി പൂർത്തിയാക്കുമെന്നാണ് ബിജെപി വാഗ്ദാനം.
മോദിയെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളും മോദിയുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 'വാരാണസിയിലെ എംപിക്ക് കാശിവിശ്വനാഥൻ്റെ അനുഗ്രഹമുണ്ട്. ഗംഗ അദ്ദേഹത്തെ അംഗീകരിച്ചു' കാശി വിശ്വനാഥ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ പറഞ്ഞു.
ഇത്തവണ 4.80 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മോദി വാരാണസിയിൽ നിന്ന് വിജയിച്ചത്. കോൺഗ്രസ് നേതാവ് അജയ് റായ്, എസ്‍പി ബിഎസ്‍പി നേതാവ് ശാലിനി യാദവ് എന്നിവരായിരുന്നു മോദിയുടെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥികള്‍. 2014 ലെ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ മൂന്ന് ലക്ഷമായിരുന്നു മോദിയുടെ ഭൂരിപക്ഷം.
https://www.facebook.com/Malayalivartha