ഇനി മക്കള്‍ മാഹാത്മ്യം തല്‍ക്കാലത്തേക്കെങ്കിലും കോണ്‍ഗ്രസില്‍ നടക്കില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കുന്ന സൂചന

'ദേ വരുന്നു... തോറ്റ് തുന്നംപാടി നിന്റെ മോന്‍' യോദ്ധ സിനിമയില്‍ ഒടുവിലുണ്ണികൃഷ്ണന്‍ പറയുന്ന പ്രശസ്തമായ ഈ ഡയലോഗാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനും എതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം നടന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ നടത്തിയ വിമര്‍ശനം കേട്ടപ്പോള്‍ ഓര്‍മ്മവന്നത്. പി. ചിംദംബരത്തിന്റെ മകന്‍ ജയിച്ചെങ്കിലും അദ്ദേഹത്തെയും രാഹുല്‍ ഗാന്ധി വെറുതേ വിട്ടില്ല. മക്കള്‍ക്ക് സീറ്റ് ലഭിക്കാനായി ഈ മൂന്ന് നേതാക്കളും രാജിഭീഷണി വരെ മുഴക്കി, കോണ്‍ഗ്രസ് അധ്യക്ഷനെ മുള്‍മുനയില്‍ നിര്‍ത്തി. മക്കള്‍ക്ക് സീറ്റ് ലഭിച്ച ശേഷം മൂന്ന് നേതാക്കളും മക്കളെ ജയിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു. മറ്റ് മണ്ഡലങ്ങളിലൊന്നും ഇവര്‍ പ്രചാരണ പരിപാടികള്‍ക്ക് പോയതുമില്ല. അതിനാല്‍ ഇനി മക്കള്‍ മാഹാത്മ്യം തല്‍ക്കാലത്തേക്കെങ്കിലും കോണ്‍ഗ്രസില്‍ നടക്കില്ലെന്നാണ് സൂചന.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് അധികനാളാകും മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വലിയതിരിച്ചടി ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിരിക്കുകയാണ്. 25 ലോക്‌സഭാ സീറ്റുകളില്‍ ഒന്ന് പോലും കോണ്‍ഗ്രസ് വിജയിച്ചില്ല. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രണ്ട് മന്ത്രിമാര്‍ വാളോങ്ങിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധി പറഞ്ഞത് ശരിയാണെന്ന് വ്യക്തമാക്കി സഹകരണ മന്ത്രി ഉദയ് ലാല്‍, ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി രമേഷ് ചന്ദ് മീണ എന്നിവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. അശോക് ഗെലോട്ട് കൂടുതല്‍ മണ്ഡലങ്ങളില്‍ പ്രചരണം നടത്താന്‍ കഴിയുമായിരുന്നിട്ടും അതിന് ശ്രമിച്ചില്ലെന്നും മന്ത്രി ഉദയ് ലാല്‍ ആരോപിച്ചു. ഈ പരാജയം വിലകുറച്ച് കാണരുതെന്ന് മന്ത്രി രമേഷ് ചന്ദ് മീണയും പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ശരിയാണ്, പരാജയത്തിന്റെ കാരണം പരിശോധിക്കപ്പെടണം. 2014ന്റെ ആവര്‍ത്തനമാണ് ഇത്തവണ രാജസ്ഥാനിലുണ്ടായത്. ബി.ജെ.പി 24 സീറ്റിലും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) ഒരു സീറ്റിലും ജയിച്ചു. ഇതത്ര നിസാര കാര്യമല്ലെന്നും രമേഷ് ചന്ദ് മീണ അഭിപ്രായപ്പെട്ടു. അശോക് ഗെലോട്ടിന്റേയും കമല്‍നാഥിന്റേയും ചിദംബരത്തിന്റേയും പ്രവൃത്തികള്‍ പരിശോധിക്കണമെന്നും മീണ പറഞ്ഞു. അശോക് ഗെലോട്ട് മകന്റെ പ്രചാരണത്തിന് വേണ്ടി ഒരാഴ്ച ജോധ്പൂരില്‍ കേന്ദ്രീകരിച്ചെന്നും മറ്റ് മണ്ഡലങ്ങളില്‍ തിരിഞ്ഞ് നോക്കിയില്ലെന്നും രാഹുല്‍ പ്രവര്‍ത്തകസമിതിയോഗത്തില്‍ പൊട്ടിത്തെറിച്ചിരുന്നു. അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ട് ബിജെപി സ്ഥാനാര്‍ത്ഥി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോട് രണ്ട് ലക്ഷത്തില്‍ പരം വോട്ടിനാണ് പരാജയപ്പെട്ടത്.
നാഗോരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജ്യോതി മിര്‍ധ ആര്‍എല്‍പി അധ്യക്ഷന്‍ ഹനുമാന്‍ ബേനിവാളിനോട് ദയനീയമായി പരാജയപ്പെടുത്തിയിരുന്നു. സീറ്റ് വിതരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കെ.സി വോണുഗോപാല്‍ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചിരുന്നു. ബിജെപിക്ക് ആര്‍എല്‍പിയുമായി സഖ്യമുണ്ടാക്കാമെങ്കില്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തുടങ്ങി നിരവധി ചോദ്യങ്ങളും ആരോപണങ്ങളുമാണ് ഉദയ്‌ലാല്‍ അഞ്ജാന അടക്കമുള്ളവര്‍ ഉന്നയിക്കുന്നത്. അശോക് ഗെലോട്ടും സംഘടനാകാര്യ സെക്രട്ടറി കെസി വേണുഗോപാലും എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെയുമാണ് രാജസ്ഥാനിലെ കാര്യങ്ങളില്‍തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha