അമ്മയ്‌ക്കൊപ്പം പിറ്റിഎ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ചു; സ്കൂളിലെ സഹായിയായ ഇരുപത്തിയേഴുകാരന്‍ അറസ്റ്റില്‍

നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്കൂളിലെ സഹായിയും ബസിലെ കണ്ടക്ടറുമായി ഇരുപത്തിയേഴുകാരന്‍ അറസ്റ്റില്‍. പഞ്ചാബ് സംഗ്റൂര്‍ ജില്ലയിലെ ധുരിയിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം പിറ്റിഎ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. അമ്മ മീറ്റിംഗില്‍ പങ്കെടുക്കുന്ന സമയത്ത് സ്കൂളിലെ പാര്‍ക്കില്‍ കളിക്കുകയായിരുന്നു കുട്ടി. തുടര്‍ന്ന് കളിക്കാനെന്ന വ്യാജേന അടുത്തുകൂടിയ പ്രതി തക്കം നോക്കി കുട്ടിയെ അടുത്തുള്ള മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവം ഒന്നും അറിയാതെ മീറ്റിംഗ് കഴിഞ്ഞെത്തിയ അമ്മ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി.
പിന്നീട് തുടര്‍ച്ചയായി വയറുവേദന അനുഭവപ്പെടുന്നുവെന്ന് കുട്ടി പറയാന്‍ തുടങ്ങി. ശേഷം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ സ്കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധ നടപടികളുമായി നാട്ടുകാര്‍ രംഗത്തെത്തി. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും നിയമപരമായ ശിക്ഷ അയാള്‍ക്ക് വാങ്ങിക്കൊടുക്കുമെന്നും സംഗ്റൂര്‍ എസ്‌എസ്പി സന്ദീപ് കുമാര്‍ അറിയിച്ചു.
ഇതിനിടെ സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്നും കൊലപാതകവും ബലാത്സംഗവും വര്‍ധിച്ചുവെന്നും അവര്‍ ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില നോക്കേണ്ട മുഖ്യമന്ത്രി പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നടക്കുകയാണെന്ന് ശിരോമണി അകാലിദള്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha