മോദിയോട് പിണങ്ങി ചൈനയിലേക്ക് വണ്ടി കേറി സുബ്രഹ്മണ്യന്‍ സ്വാമി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുളള അതൃപ്തി പരസ്യമാക്കി ബി.ജെ.പിയുടെ രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുളള അതൃപ്തി പരസ്യമാക്കി ബി.ജെ.പിയുടെ രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും തനിക്ക് യാതൊരു പ്രാധാന്യവും ലഭിക്കുന്നില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. മോദി സര്‍ക്കാര്‍ തന്നെ കാഴ്ചപ്പാടുകള്‍ക്ക് പരിഗണന നല്‍കാത്തതിനാല്‍ ചൈനയിലേക്ക് പോകുകയാണെന്നും സ്വാമി ട്വിറ്ററിലൂടെ അറിയിച്ചു.
‘ സെപ്റ്റംബറില്‍ ചൈനയുടെ സാമ്പത്തിക വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കൂടുന്ന പണ്ഡിതസഭയെ അഭിസംബോധന ചെയ്യാന്‍ ചൈനയിലെ പ്രമുഖ സിംഗ്വ യൂണിവേഴ്‌സിറ്റി എന്നെ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ 70 വര്‍ഷത്തെക്കുറിച്ച് പുനപരിശോധിക്കാന്‍. എന്റെ കാഴ്ചപ്പാടുകള്‍ അറിയാന്‍ നരേന്ദ്രമോദിയ്ക്ക് യാതൊരു താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ ചൈനയിലേക്ക് പോകുകയാണ്.’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.
രണ്ടാം മോദി മന്ത്രിസഭയില്‍ ഇടംപിടിക്കാനാവാതെ പോയ ബിജെപി രാജ്യസഭാ എംപിയാണ് സുബ്രഹ്മണ്യന്‍ സ്വാമി. മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി കേന്ദ്ര നേതൃത്വവുമായി സുബ്രഹ്മണ്യന്‍ സ്വാമി അത്ര സ്വരച്ചേര്‍ച്ചയില്‍ അല്ല. സുബ്രഹ്മണ്യന്‍ സ്വാമിയെ ജെയ്റ്റ്‌ലിക്ക് പകരം ധനകാര്യമന്ത്രിയാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ അണികളുടെ പ്രതീക്ഷ. തന്നെ ധനകാര്യമന്ത്രിയാക്കാത്തതിനുളള കാരണം താന്‍ മന്ത്രിയായാല്‍ പാര്‍ട്ടിക്കുളളിലെ കള്ളന്മാരെ അടക്കം വെറുതെ വിടില്ലെന്ന് സര്‍ക്കാരിന് അറിയുന്നത് കൊണ്ടാണ് എന്നാണ് ഇതേക്കുറിച്ച് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്.
നേരത്തെ, സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടാന്‍ വേണ്ടിയാണ് പുതിയ ധനകാര്യമന്ത്രിയായി നിര്‍മ്മലാ സീതാരാമനെ നിയമിച്ചിരിക്കുന്നതെന്ന തന്റെ ഫോളോവേഴ്‌സിന്റെ വാദത്തെ സ്വാമി പരസ്യമായി പിന്തുണച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അവരുടെ അടുത്ത ലക്ഷ്യമെന്നും ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ എസ്.കെ ശ്രീവാസ്തവയുടെ നിര്‍ബന്ധിത വിരമിക്കലില്‍ കേന്ദ്രസര്‍ക്കാറിനെ സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചിരുന്നു. അയാള്‍ക്കെതിരെ സുപ്രധാനമായ കേസുകളൊന്നും തന്നെയില്ലെന്നും സ്വാമി പറഞ്ഞിരുന്നു.
ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ മോദിഭരണം തിരിച്ചുവന്നപ്പോൾ രാജ്യം ഏകാധിപത്യ ഭരണത്തിലേയ്ക്ക് പോകാതിരിക്കാനുള്ള ജാഗ്രത വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി മുന്നറിയിപ്പ് നൽകിയിരുന്നു. ബിജെപിക്കകത്ത് ജനാധിപത്യം വേണമെന്നും സ്വാമി സൂചിപ്പിച്ചു. സാമ്പത്തികരംഗത്തെ വീഴ്ച്ചകള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ദേശീയതകൊണ്ടു ബിജെപിക്ക് മറികടക്കാന്‍ സാധിച്ചു. മോദി ഭരണകാലത്ത് സാമ്പത്തിക രംഗത്തുണ്ടായ വീഴ്ചകള്‍ തിരഞ്ഞെടുപ്പു വേദികളില്‍ ചര്‍ച്ചയാകാതെ പോയതും, ദേശസുരക്ഷയിലൂന്നി ബിജെപി പ്രചാരണം നടത്തിയതിനാലുമാണ് വലിയ വിജയം ലഭിച്ചത്. ബിജെപിയുടെ തമിഴ്നാട്ടിലെ തോല്‍വിയെ വിലയിരുത്തിയ സുബ്രഹ്മണ്യന്‍ സ്വാമി തമിഴ്നാട്ടില്‍ ബിജെപി ഒറ്റയ്ക്ക് നിന്ന് ശക്തിയാര്‍ജിക്കണം എന്നും അദ്ദേഹം നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























