രാജി വെച്ച നേതാക്കൾ കുതിരക്കച്ചവടത്തിന് ഒരുങ്ങുമ്പോൾ വെട്ടിലായത് കോണ്‍ഗ്രസ്; സഖ്യസര്‍ക്കാരിന്‍റെ പതനം ഏതാണ്ട് ഉറപ്പായതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു....

രാജി വെച്ച നേതാക്കൾ കുതിരക്കച്ചവടത്തിന് ഒരുങ്ങുമ്പോൾ വെട്ടിലായത് കോണ്‍ഗ്രസ്...സഖ്യസര്‍ക്കാരിന്‍റെ പതനം ഏതാണ്ട് ഉറപ്പായതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു.
കോണ്‍ഗ്രസ് ആവട്ടെ മറുകണ്ടം ചാടിയവർ ഏതു വിധേനയെങ്കിലും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലും. ഏതായാലും ഇരു പാളയത്തിലും തിരക്കിട്ട ചർച്ചകളും ഒരുക്കങ്ങളും നടക്കുന്നു.
രാജിവച്ച എംഎല്‍എമാരുമായി കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാജിവച്ച എല്ലാവരുടേയും ആവശ്യങ്ങള്‍ അംഗീകരിച്ച് വിട്ടുവീഴ്ച ചെയ്താല്‍ വൈകാതെ കൂടുതല്‍ എംഎല്‍എമാര്‍ രാജിനാടകവുമായി വന്നേക്കാം . അതിനാൽ രാജിവെച്ചവരെ മുഴുവൻ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയൊന്നും കോണ്‍ഗ്രസ് നേതൃത്വത്തിനില്ല. .
വിമത എംഎല്‍എമാരിലെ മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡിയുൾപ്പടെ നാലോ അഞ്ചോ പേരെ തിരിച്ചു ചാടിക്കാൻ കഴിയുമോ എന്നാണു കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബെംഗളൂരു നഗരവികസന വകുപ്പ് മന്ത്രിസ്ഥാനം ആണ് രാമലിംഗ റെഡ്ഡി ഡിമാന്റ് ചെയ്യുന്നത്.
രാമലിംഗ റെഡ്ഡിയെ അനുനയിപ്പിച്ചാല്‍ അദ്ദേഹത്തിന്‍റെ മകളായ സൗമ്യ റെഡ്ഡിയേയും അനുയായികളായ രണ്ടോ മൂന്നോ എംഎല്‍എമാരേയും കൂടി തിരികെ എത്തിക്കാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
അതേ സമയം ഒരു എം എൽ എ കൂടി രാജിവെച്ചാൽ അധികാരം പിടിച്ചെടുക്കാൻ തയ്യാറായി ബി ജെ പി യും കരുക്കൾ നീക്കുന്നു.
രാജി സമർപ്പിച്ച പത്തുപേരെ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ മുംബൈയിലേക്കു മാറ്റിയിരുന്നു.
വ്യാഴാഴ്ച വരെ ഹോട്ടലില്‍ എംഎല്‍എമാര്‍ക്ക് മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് കര്‍ണാടക നിയമസഭയുടെ സമ്മേളനം ആരംഭിക്കുന്നത്. രാജിവച്ച മറ്റു മൂന്ന് എംഎല്‍എമാര്‍ ബെംഗളൂരുവില്‍ തുടരുകയാണ്.
ഇവരുമായാണ് കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുന്നത് .എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് വിമതരുമായി അനുനയശ്രമങ്ങള്‍ നടത്തുന്നത്.
എംഎല്‍എമാരില്‍ ചിലര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ രാജി പിന്‍വലിക്കാം എന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സോമശേഖർ, മുനിരത്ന, ബൈരതി ബസവരാജ് എന്നിവരാണ് ഈ നിലപാട് ചര്‍ച്ചയ്ക്കെത്തിയ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗയെ മുഖ്യമന്ത്രിയാക്കണം എന്ന നിര്‍ദേശം വേറെ ചിലര്‍ എംഎല്‍എമാരും മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എമാരുടെ ഈ ആവശ്യത്തെയെല്ലാം സംശയത്തോടെയാണ് കോണ്‍ഗ്രസ് നോക്കി കാണുന്നത്.
കോണ്‍ഗ്രസ് നേതൃത്വുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എംഎല്‍എ മാർ മറുകണ്ടം ചാടിപ്പോയതിന്‍റെ അമ്പരപ്പ് നേതാക്കള്‍ക്ക് ഇനിയും മാറിയിട്ടില്ല.
അമേരിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഇന്ന് വൈകിട്ടോടെ ബെംഗളൂരുവില്‍ തിരിച്ചെത്തും. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ എന്ത് തരം നിലപാട് അദ്ദേഹമെടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പന്ത്രണ്ടാം തീയതിയാണ് കര്‍ണാടക നിയമസഭയുടെ അടുത്ത സമ്മേളനം ആരംഭിക്കുന്നത്. നിലവില്‍ രാജിവച്ച എംഎല്‍എമാര്‍ക്ക് പുറമേ വിമത പക്ഷത്തുള്ള ജെഎന്‍ ഗണേഷ്, ബി.നാഗേന്ദ്ര എന്നീ എംഎല്‍എമാര്‍ കൂടി ചൊവ്വാഴ്ച രാജിവച്ചേക്കും എന്ന വാര്‍ത്തകളുണ്ട് അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ സഭയില്‍ ന്യൂപക്ഷമാവും.
ഒരു ബിഎസ്.പി എംഎല്‍എയുടേയും ഒരു സ്വതന്ത്രന്‍റേയും പിന്തുണയും കൂടി നേടിയാണ് ജെഡിഎസ് -കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ബിജെപി അവിശ്വാസപ്രമേയം കൊണ്ടു വന്നാല്‍ ഈ രണ്ടു പേരും ഭരണമുന്നണിക്കൊപ്പം നില്‍ക്കുമോ എന്ന ആശങ്കയും ശക്തമാണ്. അങ്ങനെ വന്നാല്‍ നിയമസഭയിലെ ജെഡിഎസ്-കോണ്‍ഗ്രസ് അംഗസംഖ്യ ബിജെപിയേക്കാള്‍ താഴെ പോകും.
നിയസഭാ സമ്മേളനം ആരംഭിക്കുന്ന ആദ്യദിവസം തന്നെ ബിജെപി അവിശ്വാസപ്രമേയം കൊണ്ടു വരും എന്നുറപ്പാണ്. അതിനെ അതിജീവിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് കണ്ടാല്‍ കുമാരസ്വാമി രാജിവയ്ക്കാനും സാധ്യതയേറെയാണ്.
ഈ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടു പോകാന്‍ തന്നെ വളരെ കഷ്ടപ്പെടുന്നു എന്ന് പറഞ്ഞ് പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ കുമാരസ്വാമി ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍തോല്‍വിയുടെ കൂടി പശ്ചാത്തലത്തില്‍ എന്ത് നിലപാട് ഇനി സ്വീകരിക്കും എന്ന് കണ്ടറിയണം.
ഇതിനിടെ സ്പീക്കറെ മുന്‍നിര്‍ത്തി വിമതഎംഎല്‍എമാരെ നേരിടാനുള്ള സാധ്യതകളും കോണ്‍ഗ്രസ് പരിശോധിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. കര്‍ണാടകയ്ക്ക് സമാനമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന തമിഴ് നാട്ടില്‍ സ്പീക്കറുടെ തീരുമാനങ്ങളുടേയും നയങ്ങളുടേയും ബലത്തിലാണ് എഐഎഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. അതേ മാതൃക കര്‍ണാടകയില്‍ പിന്തുടരാനുള്ള വഴിയാണ് കോണ്‍ഗ്രസ് അറ്റകൈ എന്ന നിലയില്‍ നോക്കുന്നത്.
ഇത്രയും എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവച്ചതിനാല്‍ അതിനെ കൂറുമാറ്റമായി കണ്ട് സ്പീക്കര്‍ക്ക് നടപടിയെടുക്കാന്‍ സാധിക്കും എന്ന നിയമോപദേശം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിച്ചതായി സൂചനയുണ്ട് . രാജിവച്ച എംഎല്‍എമാര്‍ കൂറുമാറിയതായി സ്പീക്കര്‍പ്രഖ്യാപിച്ചാല്‍ ഇവര്‍ അയോഗ്യരാവും. ഇതോടെ അടുത്ത ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല.
https://www.facebook.com/Malayalivartha


























