നർകോട്ടിക്‌സ് ഈസ് എ ഡിർട്ടി ബിസിനസ് ...അധോലോക രാജാവിൽ നിന്നും അധോലോക തീവ്രവാദി വരെ

ആഗോള തീവ്രവാദി പട്ടികയിൽ ഇടം പിടിച്ച ദാവൂദ് ഇബ്രാഹിം .ഒരുപക്ഷെ ദാവൂദ് ഇബ്രാഹിം എന്ന പേര് കേൾക്കാത്തവർ ആരുമുണ്ടാവില്ല .ദാവൂദ് ഇബ്രാഹിം വീണ്ടും മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ് .അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്ന വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത് . ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ടതോടു കൂടിയാണ് ഇതിന് പിൻബലമറിയത്. 1993ലെ മുംബയ് സ്ഫോടനത്തെ തുടർന്ന് രാജ്യം വിട്ട ദാവൂദ് പാകിസ്ഥാന്റെ സംരക്ഷണയിൽ തന്നെയാണെന്ന് പലതവണ ഇന്ത്യ വ്യക്തമാക്കിയിട്ടും നിഷേധാത്മക നിലപാടായിരുന്നു പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. എന്നാലിപ്പോൾ സീ ന്യൂസാണ് ദാവൂദിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
ചിത്രത്തിൽ തന്റെ ഉറ്റ അനുയായിയും 'ഡി കമ്പനി'യുടെ അന്താരാഷ്‌ട്ര ശൃംഖലയുടെ മേധാവിയുമായ ജാബിർ മോട്ടിവാലയുമായി സംസാരിക്കുന്ന ദാവൂദിനെയാണ് കാണാൻ കഴിയുന്നത്. ക്ളീൻ ഷേവ് ലുക്കിലാണ് ദാവൂദ്. 25 വർഷങ്ങൾക്ക് ശേഷമാണ് ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം പുറത്തു വരുന്നത്. നേരത്തെ വന്ന വാർത്തകൾ അനുസരിച്ച് ദാവൂദ് മാറാ രോഗങ്ങളുടെ പിടിയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ ചിത്രം നൽകുന്ന സൂചനയനുസരിച്ച് പൂർണ ആരോഗ്യവാനായ ദാവൂദിനെയാണ് കാണാൻ കഴിയുക. 2018 ആഗസ്‌റ്റ് 17ന് ഇയാളെ സ്‌കോട്ട് ലാന്റ് യാർഡ് അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ മോട്ടിവാല രാജ്യത്തെ മാന്യനായ ബിസിനസുകാരനാണെന്ന ക്ളീൻചിറ്റു നൽകി പാകിസ്ഥാനി ഹൈക്കമ്മിഷൻ ബ്രിട്ടന് കത്ത് നൽകുകയായിരുന്നു. മോട്ടിവാലയിൽ നിന്ന് ദാവൂദിലേക്ക് അന്വേഷണം എത്തിയേക്കുമോ എന്ന് ഭയന്നാണ് പാകിസ്ഥാൻ അങ്ങനെ ചെയ്‌തതെന്നാണ് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.ദാവൂദിന്റെ ഡി കമ്പനിയുടെ നിർണായക വിവരങ്ങളും ജാബിറിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ എഫ്ബിഐയുമായി ബന്ധപ്പെട്ടിരുന്നു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയ്ക്കും ഡി കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ഇന്ത്യൻ ഏജൻസികൾ കരുതുന്നത്. പാകിസ്ഥാൻ ഭീകരസംഘടനകളുമായി ജാബിറിന് അടുപ്പമുണ്ടെന്നും ഇവർ കരുതുന്നു. അറസ്റ്റിലാകും മുമ്പ് ജാബിർ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ബ്രിട്ടനിൽ 10 വർഷത്തെ വീസയാണ് ജാബിറിനുള്ളത്. 2028ലാണ് ഇതിന്റെ കാലാവധി കഴിയുന്നത്. അതിനിടെ ആന്റ്വിഗ ആൻഡ് ബർബുഡയിൽ പൗരത്വത്തിനും ജാബിർ ശ്രമിക്കുന്നുണ്ട്.അതേസമയം അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിം
1955 ഡിസംബർ 27ന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ് ജനിച്ചത് . ഇപ്പോൾ 63 വയസ്സുണ്ട് ദാവൂദിന്. ബോംബെയിൽ പൊലീസ് കോൺസ്റ്റബിളായിരുന്ന ഇബ്രാഹിം കാസ്കറാണ് പിതാവ്. മാതാവ് ആമിന. സെൻട്രൽ ബോംബെയിലെ ദോംഗ്രി എന്ന, മുസ്ലിം സമുദായക്കാർ തിങ്ങിപ്പാർക്കുന്ന പിന്നാക്ക മേഖലയായിരുന്നു ദാവൂദിന്റെ ‘സ്കൂൾ’. ഇന്നും ദോംഗ്രിയിൽ ദാവൂദിന് പ്രത്യേകമായ സ്വാധീനമുണ്ട്. ഒരു പൊലീസ് കോൺസ്റ്റബിളിന്റെ മകനായി ജനിച്ച ദാവൂദിന് സാമ്പത്തിക പരാധീനതകൾ മൂലം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല. അഹ്മദ് സെയ്‌ലർ ഹൈസ്കൂളിൽ വളരെ ചെറിയ ക്ലാസിൽ വെച്ചുതന്നെ ദാവൂദ് പഠനം നിറുത്തി.
ഒരു കൊങ്കണി മുസ്ലിം കുടുംബത്തിലായിരുന്നു ദാവൂദിന്റെ ജനനം. കൊങ്കൺ മേഖലയിൽ നിന്നുള്ള ഈ വിഭാഗക്കാർ ഇതിനകം ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ പലയിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. പേർഷ്യൻ നാടുകളിലും യുകെ, യുഎസ് എന്നിവിടങ്ങളിലും ഇവരുടെ വംശം വ്യാപിച്ചു കിടക്കുന്നു. ദാവൂദിന്റെ സൗഹൃദങ്ങൾ വളരെ വിപുലമായതിൽ ഇതൊരു കാരണമാണ്.
ചെറിയ തോതിലുള്ള അക്രമങ്ങളും കള്ളക്കടത്തുകളും നടത്തിയാണ് ദാവൂദിന്റെ തുടക്കം. ദോംഗ്രിയിൽ തന്നെപ്പോലെ ദരിദ്രരും നിരാശരുമായ കൗമാരക്കാരുടെ സംഘം രൂപീകരിക്കാൻ ദാവൂദിനായി. അസാമാന്യമായ നേതൃപാടവം ചെറുപ്പം മുതലേ ദാവൂദ് പ്രകടിപ്പിച്ചിരുന്നു. ഇലക്ട്രോണിക് സാധനങ്ങളും മറ്റും മോഷ്ടിച്ച് കൊണ്ടുവന്ന് വിൽക്കുന്നതായിരുന്നു ഈ കൗമാരസംഘങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം .അധോലോക നായകനിൽ നിന്ന് തീവ്രവാദിയിലേക്കുള്ള മാറ്റം
ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷം വ്യാപകമായി നടന്ന കലാപങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് നടന്നത് ബോംബെയിലായിരുന്നു. 1993 മാർച്ച് മാസത്തിൽ ദാവൂദ് നഗരത്തില്‍ 12 ബോംബ് സ്ഫോടനങ്ങൾ നടത്തി. അന്ന് ലോകത്തിൽ അപൂർവ്വമായ തരത്തിൽ പരമ്പരയായി, കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയവയായിരുന്നു ആ സ്ഫോടനങ്ങൾ. ദാവൂദ് പാകിസ്താനിലേക്ക് താവളം മാറ്റിയതിനു തൊട്ടുപിന്നാലെയാണ് ബോംബിങ്ങുകൾ നടന്നത്.
പാകിസ്താനിലേക്കുള്ള ദാവൂദിന്റെ മാറ്റം വഴി സംഭവിച്ചത് അധോലോക ഗുണ്ട എന്നതിൽ നിന്ന് ഒരു ആഗോള തീവ്രവാദിയിലേക്കുള്ള മാറ്റം കൂടിയാണ്. ലഷ്കർ ഇ ത്വയ്യിബ, ഐഎസ്ഐ തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചു ദാവൂദ്. ദുബൈ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിലെ അധികാരകേന്ദ്രങ്ങളിൽ പടർന്നുകയറി നില്‍ക്കുന്ന പ്രസ്ഥാനമായ ഡി-കമ്പനിക്ക് യുകെ, മൊറോക്കോ, ജർമനി, തുർക്കി, ഫ്രാൻസ്, സ്പെയിൻ, മൊറോക്കോ, സൈപ്രസ്, യുഎഇ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലും സ്വാധീനം വളർന്നു.
https://www.facebook.com/Malayalivartha


























