ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാലിന് ഹൃദയാഘാതം... ചികിത്സയ്ക്കായി മികച്ച സ്വകാര്യാശുപത്രിയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി ഇന്നലെ അനുമതി നല്‍കി, മാറ്റുന്നത് അപകടമാണെന്ന് സ്റ്റാന്‍ലി ആശുപത്രി ആര്‍.എം.ഒ.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാലിന് ഹൃദയാഘാതം. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍ ഗുരുതരാവസ്ഥയിലാണ്. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് ഹൃദയാഘാതമുണ്ടായ രാജഗോപാല്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി മികച്ച സ്വകാര്യാശുപത്രിയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നല്‍കി. മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണിത്. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഏതാനും ദിവസംമുമ്പാണ് രാജഗോപാല്‍ കീഴടങ്ങിയത്.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ആംബുലന്‍സിലെത്തി കീഴടങ്ങിയ രാജഗോപാലിനെ പിന്നീട് പുഴല്‍ ജയിലില്‍ എത്തിച്ചെങ്കിലും അസുഖം കൂടിയതിനെത്തുടര്‍ന്ന് സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. വടപളനിയിലെ വിജയ ആശുപത്രിയിലോ സിംസ് മെഡിക്കല്‍ സെന്ററിലോ അച്ഛന് വിദഗ്ധ ചികിത്സയ്ക്ക് അനുമതി നല്‍കണമെന്നാണ് മകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 72കാരനായ രാജഗോപാലിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ചലനശേഷി നഷ്ടപ്പെട്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍, കടുത്ത പ്രമേഹവും വൃക്കകള്‍ക്ക് തകരാറുമുള്ള രാജഗോലിനെ ഇവിടെനിന്ന് മാറ്റുന്നത് അപകടമാണെന്ന് സ്റ്റാന്‍ലി ആശുപത്രി ആര്‍.എം.ഒ. ഡോ. പി. രമേഷ് പറഞ്ഞു. ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് രാജഗോപാലിനെതിരേയുള്ള കേസ്. രണ്ടു ഭാര്യമാരുള്ള രാജഗോപാലിന്റെ മൂന്നാംഭാര്യയാകാന്‍ വിസമ്മതിച്ച ജീവജ്യോതി 1999ല്‍ പ്രിന്‍സ് ശാന്തകുമാറിനെ വിവാഹം കഴിച്ചു.
വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഇവരെ ഭീഷണിപ്പെടുത്തി. 2001ല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കി. രണ്ടുദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























