ജീവ പര്യന്തത്തിന് മുൻപ് ജീവനെടുത്തു; കൊലക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവൻ ഉടമ പി.രാജഗോപാൽ അന്തരിച്ചു

കൊലക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവൻ ഉടമ പി.രാജഗോപാൽ അന്തരിച്ചു. ഹോട്ടൽ ജീവനക്കാരന്റെ മകളെ കല്യാണം കഴിക്കാനായി ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് പി.രാജഗോപാൽ ശിക്ഷിക്കപ്പെട്ടത്.
ആരോഗ്യസ്ഥിതി പരിഗണിച്ച്, ഇക്കഴിഞ്ഞ് ജൂലായ് 7ന് ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുന്നത് നീട്ടണമെന്ന് രാജഗോപാൽ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും നിരസിക്കപ്പെട്ടു. തുടർന്നു കീഴടങ്ങിയ രാജഗോപാലിനെ കൂടുതൽ പരിശോധനയ്ക്കായി ആദ്യം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന്റെ ഹർജി പരിഗണിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചികിൽസയ്ക്കിടെ രണ്ടു തവണ ഹൃദയസ്തംഭനം വന്നതായി റിപ്പോർട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഏതാനും ദിവസംമുമ്പാണ് രാജഗോപാല്‍ കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങല്‍ നീട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ആംബുലന്‍സിലെത്തി കീഴടങ്ങിയ രാജഗോപാലിനെ പിന്നീട് പുഴല്‍ ജയിലില്‍ എത്തിച്ചെങ്കിലും അസുഖം കൂടിയതിനെത്തുടര്‍ന്ന് സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്.
വടപളനിയിലെ വിജയ ആശുപത്രിയിലോ സിംസ് മെഡിക്കല്‍ സെന്ററിലോ അച്ഛന് വിദഗ്ധ ചികിത്സയ്ക്ക് അനുമതി നല്‍കണമെന്നാണ് മകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കടുത്ത പ്രമേഹവും വൃക്കകള്‍ക്ക് തകരാറുമുള്ള രാജഗോലിനെ ഇവിടെനിന്ന് മാറ്റുന്നത് അപകടമാണെന്ന് സ്റ്റാന്‍ലി ആശുപത്രി ആര്‍.എം.ഒ. ഡോ. പി. രമേഷ് പറഞ്ഞു.
ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയുടെ ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് രാജഗോപാലിനെതിരേയുള്ള കേസ്. രണ്ടു ഭാര്യമാരുള്ള രാജഗോപാലിന്റെ മൂന്നാംഭാര്യയാകാന്‍ വിസമ്മതിച്ച ജീവജ്യോതി 1999ല്‍ പ്രിന്‍സ് ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഇവരെ ഭീഷണിപ്പെടുത്തി. 2001ല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കി. രണ്ടുദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊടൈക്കനാലിലെ വനപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























