പാര്‍ലമെന്റില്‍ വീണ്ടും വന്‍ സുരക്ഷാവീഴ്ച, ബൈക്കില്‍ കത്തിയുമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി

പാര്‍ലമെന്റില്‍ വീണ്ടും വന്‍ സുരക്ഷാവീഴ്ച. ബൈക്കില്‍ കത്തിയുമായി പാര്‍ലമെന്റിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇയാളെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. വിജയ് ചൗക്കിലെ ഒന്നാം നമ്പര്‍ ഗേറ്റിലൂടെ ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇയാള്‍ അകത്ത് പ്രവേശിക്കാന്‍ നോക്കിയത്. ബലാത്സംഗക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഗുരു റാം റഹിമിന്റെ അനുയായിയാണ് ഇയാളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. 2001ലെ ആക്രമണം കഴിഞ്ഞ് 19 വര്‍ഷത്തിന് ശേഷമാണ് പാര്‍ലമെന്റിനകത്ത് ഒരാള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്. ഇയാളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല.
2001 ഡിസംബര്‍ 13ന് പാര്‍ലമെന്റ് ആക്രമണം നടന്ന ശേഷം ആദ്യമായാണ് ഒരാള്‍ അവിടേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്. അന്ന് രാജ്യസഭയിലെയും ലോക്‌സഭയിലെയും നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ച വേളയില്‍ സായുധരായ അഞ്ചു തീവ്രവാദികള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച കാറില്‍ പാര്‍ലമെന്റ് മന്ദിരത്തിലേയ്ക്ക് കയറുകയായിരുന്നു. ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളും അഞ്ചു പോലീസുകാരും കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോള്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ .കെ.അദ്വാനിയടക്കമുള്ള മന്ത്രിമാര്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ വെടിയുതിര്‍ത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാഭടന്മാരും പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും അവരെ ചെറുക്കുകയായിരുന്നു.
ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ ഡല്‍ഹി പൊലീസ് ജമ്മുകശ്മീരില്‍ നിന്നും അറസ്റ്റു ചെയ്തു. ഡല്‍ഹി സര്‍വകലാശാലയിലെ സാക്കീര്‍ ഹുസൈന്‍ കോളജിലെ അദ്ധ്യാപകനായ എസ്.എ.ആര്‍ ഗീലാനിയെ അറസ്റ്റ് ചെയ്തു. അഫ്‌സാന്‍ ഗുരു, ഭര്‍ത്താവ് ഷൗക്കത്ത് ഹുസൈന്‍ ഗുരു എന്നിവരേയും അറസ്റ്റ് ചെയ്തു. ഒരു വര്‍ഷവും മൂന്നു ദിവസവും വിചാരണ നടത്തിയ ശേഷം ജഡ്ജി എസ്.എന്‍.ദിംഗ്രധ നടത്തിയ വിധിപ്രസ്താവനയില്‍ മുഹമ്മദ്, ഹൈദര്‍, ഹംസ, രാജ, റാണ എന്നീ കൊല്ലപ്പെട്ട അഞ്ച് തീവ്രവാദികളോടൊപ്പം ഘാസി ബാബ, താരിഖ് അഹമ്മദ്, മുഹമ്മദ് മസൂദ് അസര്‍ എന്നിവര്‍ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ആയുധങ്ങളും ആളുകളേയും ശേഖരിച്ച് പ്രസ്തുത ലക്ഷ്യപ്രാപ്തി്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന് വ്യക്തമാക്കി.
കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് 2002 ഡിസംബര്‍ 18ന് ഡല്‍ഹി കോടതി അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചു. ് 2003 ഒക്ടോബര്‍ 29ന് ഡല്‍ഹി ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചു. ഇതിനെതിരെ അഫ്‌സല്‍ ഗുരു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. 2005 ആഗസ്റ്റ് നാലിന് അഫ്‌സല്‍ ഗുരുവിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി, വധശിക്ഷ ശരിവെച്ചു. 2006 ഒക്ടോബര്‍ 20ന് തിഹാര്‍ ജയില്‍ ശിക്ഷ നടപ്പിലാക്കാന്‍ ഉത്തരവിട്ടു. അന്ന് തന്നെ അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ നല്‍കിയ ദയാഹരജി പരിഗണിച്ച് വധശിക്ഷാ തീരുമാനം റദ്ദ് ചെയ്തു. 2011 ഓഗസ്റ്റ് 4നാലിന് ദയാഹരജി ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടു.
2013 ജനുവരി 21ന് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പിലാക്കണമെന്ന ശിപാര്‍ശ രാഷ്ട്രപതിക്കയച്ചു. 2013 ജനുവരി 26ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാര്‍ശ സ്വീകരിച്ചു കൊണ്ട് ഫെബ്രുവരി മൂന്നിന് ദയാഹര്‍ജി തള്ളി. 2013 ഫെബ്രുവരി നാലിന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വധശിക്ഷ ഉത്തരവില്‍ ഒപ്പുവെച്ചു. ഫെബ്രുവരി 9ഒന്‍പതിന് അഫ്‌സല്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി.
https://www.facebook.com/Malayalivartha


























