കേന്ദ്രമന്ത്രിയുടെ മെയിൽ ഐഡിയിൽ നിന്ന് നിയമനക്കത്ത്; ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത് മലയാളിയുടെ വൻ തട്ടിപ്പ്:- തട്ടിപ്പിൽ 10 പേർക്ക് നഷ്ടമായത് 20 ലക്ഷം രൂപ

ക്യാബിനറ്റ് മന്ത്രിയുടെ ലെറ്റർ പാഡുകളും, കേന്ദ്രസഹമന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസവും ഉപയോഗിച്ച് വൻ തട്ടിപ്പ് നടത്തി മലയാളി. പത്ത് മലയാളികളിൽ നിന്നായി ബാലരാമപുരം സ്വദേശി രാജീവ് അശോക് 20 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രിമാരുടെ ലെറ്റർ ഹെഡ് വ്യാജമായുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സാമൂഹ്യനീതി മന്ത്രാലയത്തിന്റെ പേരിൽ നിയമന ഉത്തരവും നൽകി. കൂടാതെ മറ്റ് മന്ത്രിമാരുടെ ഓഫീസിലും തൊഴിൽ വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ട്.
കേന്ദ്രമന്ത്രി രാംദാസ് അതാവ്‍ലെയുടെ പി.ആർ. എന്ന് പരിചയപ്പെടുത്തിയാണ് രാജീവ് അശോക് തട്ടിപ്പ് നടത്തിയത്. കേന്ദ്ര സഹമന്ത്രി രത്തൻലാൽ കട്ടാരിയയുടെ ഇ-മെയിൽ ഐഡി ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. മൂന്ന് ഉദ്യോഗാർത്ഥികൾക്ക് പല ദിവസങ്ങളിലായി നിരവധി മെയിലുകൾ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നിയമനം മന്ത്രി ഓഫീസിൽ അറിയില്ലെന്ന് രാംദാസ് അതാവലെ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ പരാതി നൽകിയിരുന്നു.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ മെയ് മാസത്തിൽ, എറണാകുളം സ്വദേശി അഭിലാഷിനോട്, രാജീവ് അശോക് മന്ത്രി ഓഫീസില്‍ ജോലിയുണ്ടെന്ന് പറയുന്നതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. പിന്നാലെ വേറെ മന്ത്രിമാരുടെയും ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ പേരെ കൂടെക്കൂട്ടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും എൻഡിഎ സഖ്യകക്ഷിയുമായ കേന്ദ്രമന്ത്രി രാംദാസ് അത്താവ്‍ലെയുടെ പിആർഓ എന്ന് പരിചയപ്പെടുത്തിയാണ് രാജീവ് അശോക് തട്ടിപ്പ് നടത്തിയത്.
മൂന്നുപേര്‍ക്ക് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രി രത്തന്‍ ലാല്‍ കട്ടാരിയയുടെ ഓഫീസില്‍ നിന്ന് നിരന്തരം മെയിലുകളെത്തി. ജോലിക്കാര്യവും ഗേറ്റ് പാസ്സ് അനുവദിച്ചതും എല്ലാം mos.socialjustice@gmail.com എന്ന ഇ-മെയിലിൽ നിന്നാണ്. മന്ത്രി കടാരിയയുടെ ഔദ്യോഗിക മെയിൽ തന്നെയാണിതെന്ന് ഈ വാർത്ത പുറത്ത് കൊണ്ടുവന്ന പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
മന്ത്രിമാരായ തവർചന്ദ് ഗെലോട്ട്, രാംദാസ് അത്താവ്‍ലെ എന്നിവരുടെ ലെറ്റർഹെഡുകളും, തട്ടിപ്പിനുപയോഗിച്ചു. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ എന്ന് തോന്നുന്ന ലെറ്റര്‍ ഹെഡുകളിലാണ് ശമ്പളത്തിന്‍റെ വിവരങ്ങൾ അടക്കമുള്ള വിശദമായ നിയമന ഉത്തരവ് നൽകിയത്. അതോടെ സംശയമൊന്നുമില്ലാതെ ഉദ്യോഗാർത്ഥികൾ രാജീവ് അശോക് പറഞ്ഞ പണവും കൊടുത്ത് ദില്ലിയിലെത്തി. ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ എന്നെഴുതിയ കാറിലെത്തി രാജീവ് അശോകന്‍ ഉദ്യോഗാര്‍ത്ഥികളെ മന്ത്രി അത്താവ്‍ലെയുടെ വീട്ടിലും ഓഫീസിലും കൊണ്ടുപോയി. മന്ത്രിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു.
ബാലരാമപുരം കേരളാ ഗ്രാമീണ്‍ ബാങ്കിൽ രാജീവ് അശോകന്‍റെ പേരിലുള്ള അക്കൗണ്ട് വഴിയും നേരിട്ടുമായി ആകെ 20 ലക്ഷത്തിലധികം രൂപയാണ് പത്തു മലയാളികള്‍ കൈമാറിയത്. യഥാർത്ഥ സർട്ടിഫിക്കറ്റുകളും കൈമാറി. ജോലിയില്‍ പ്രവേശിക്കണമെന്ന് അറിയിച്ച തീയതിയും കഴിഞ്ഞതോടെ ഇവർ മന്ത്രി രാംദാസ് അത്താവ്‍ലെയുടെ ഓഫീസില്‍ നേരിട്ടുപോയി. ജോലിയില്ലെന്നും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഔദ്യോഗിക മെയില്‍ ഐഡിയില്‍ നിന്ന് എങ്ങനെ മെയില്‍ വന്നെന്നും ലെറ്റര്‍ ഹെഡ് എങ്ങനെ അയച്ചെന്നും ചോദിച്ചപ്പോള്‍ കേന്ദ്ര സഹ മന്ത്രി രാംദാസ് അത്താവ്‍ലെയ്ക്കും ഓഫീസിലുള്ളവർക്കും മറുപടിയില്ല. ഒടുവില്‍ പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും എറണാകുളം രവിപുരം പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























