ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ ഇസ്രയേല്‍ സ്‌പൈക് മിസൈലുകള്‍ വിന്യസിച്ചു

ഇന്ത്യന്‍ സേനയ്ക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂട്ടായി ഇസ്രയേല്‍ സ്‌പൈക് മിസൈലുകള്‍ എത്തി. ഇസ്രയേലിലെ സര്‍ക്കാര്‍ പ്രതിരോധ കമ്പനിയായ റഫാല്‍ നിര്‍മിക്കുന്ന സ്‌പൈക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എടിജിഎം) സേന അതിര്‍ത്തിയില്‍ വിന്യസിച്ചത്. വാങ്ങാന്‍ തീരുമാനിച്ച 240 സ്‌പൈക് മിസൈലുകളുടെ ആദ്യ യൂണിറ്റുകളാണ് സേനയുടെ ഭാഗമായത്.
10 ദിവസം മുന്‍പ് ഇസ്രയേലില്‍നിന്നു ഡസന്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയിലെത്തിയതായി സേനാവൃത്തങ്ങള്‍ പറഞ്ഞു. ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷമാണ് ഇത്തരം മിസൈലുകളുടെ അഭാവം സേന തിരിച്ചറിഞ്ഞത്. ഡിആര്‍ഡിഒ തദ്ദേശീയമായി മികച്ച മിസൈലുകള്‍ യാഥാര്‍ഥ്യമാകുന്നതു വരെ വരും വര്‍ഷങ്ങളിലും കൂടുതല്‍ മിസൈലുകള്‍ വാങ്ങേണ്ടി വരുമെന്നു സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 13 ലക്ഷം സൈനികരുള്ള ഇന്ത്യയില്‍ 50 ശതമാനത്തോളം ആയുധങ്ങളുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പരീക്ഷണങ്ങളില്‍ 'പരാജയപ്പെട്ട' സ്‌പൈക് മിസൈലുകള്‍ വാങ്ങുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിലെ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മിലന്‍-2ടി, കൊങ്കൂര്‍സ് മിസൈല്‍ എന്നിവയ്ക്കു പകരമാകാനും, പ്രതിരോധം ശക്തമാക്കാനും ശത്രു ടാങ്കറുകള്‍ നശിപ്പിക്കാനും രാത്രിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന സ്‌പൈക് മിസൈലുകള്‍ക്കു സാധിക്കുമെന്നാണു നിഗമനം. അടിയന്തര സാഹചര്യങ്ങളില്‍ മൂന്നു സൈനിക ഉപമേധാവികള്‍ക്ക് 500 കോടി രൂപ വരെ സ്വന്തംനിലയ്ക്ക് ഉപയോഗിക്കാനുള്ള സാമ്പത്തിക അധികാരം 2018 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപാട്.
https://www.facebook.com/Malayalivartha


























