കര്‍താര്‍പുര്‍ ഇടനാഴി: ആദ്യ സംഘത്തിലെ 575 തീര്‍ഥാടകരില്‍ മന്‍മോഹന്‍സിങ്ങും

പഞ്ചാബിലെ ഗുരുദാസ്പുര്‍ ജില്ലയിലുള്ള ദേരാ ബാബ നാനാക്കില്‍നിന്ന് പാക്കിസ്ഥാനിലെ നരോവാള്‍ ജില്ലയിലെ കര്‍താര്‍പുരിലെ ദര്‍ബാര്‍ സാഹിബുമായി ബന്ധിപ്പിക്കുന്ന കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഈ വരുന്ന നവംബര്‍ 9-നാണ്. സിഖ് മത സ്ഥാപകന്‍ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് വീസയില്ലാതെ സന്ദര്‍ശനം നടത്താന്‍ ഇന്ത്യന്‍ തീര്‍ഥാടകരെ അനുവദിക്കുന്ന കരാറില്‍ കഴിഞ്ഞ ആഴ്ചയാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്നു കര്‍താര്‍പുരിലെ ഗുരുദ്വാര വരെയുള്ള ഇടനാഴി നിര്‍മിക്കുന്നത് പാക്കിസ്ഥാനാണ്. ഇന്ത്യയിലെ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേരാ ബാബാ നാനാക്കില്‍നിന്ന് അതിര്‍ത്തി വരെയുള്ള ഇടനാഴി നിര്‍മിക്കുന്നത് ഇന്ത്യയാണ്. ദിവസം 5000 പേര്‍ വീതം, ആഴ്ചയില്‍ 7 ദിവസവും തീര്‍ഥാടന സൗകര്യം ഒരുക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ തീര്‍ഥാടകര്‍ ലഹോര്‍ വഴി 4 മണിക്കൂറെടുത്താണ് കര്‍താര്‍പുരിലെത്തുന്നത്. ഇടനാഴി യാഥാര്‍ഥ്യമാകുമ്പോള്‍ ഗുര്‍ദാസ്പുരില്‍ നിന്ന് 20 മിനിറ്റ് മതി കര്‍താര്‍പുരിലെത്താന്‍.
ഇന്ത്യന്‍ ഭാഗത്തെ ശിലാസ്ഥാപനം 2018 നവംബര്‍ 26-ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍ പാക്ക് ഭാഗത്തെ ശിലാസ്ഥാപനം 28-ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് നിര്‍വഹിച്ചത്. ഇന്ത്യയില്‍ നിന്ന് കേന്ദ്രമന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഹര്‍ദീപ് സിങ് പുരി, പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു എന്നിവരാണ് പാക്കിസ്ഥാനിലെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്.
പാക്ക് ഹൈക്കമ്മിഷന് ഇന്ത്യന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടും പഞ്ചാബ് സര്‍ക്കാരിന്റെ 31 അംഗ പ്രതിനിധി സംഘത്തിനും 450 ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കും വീസയും അനുവദിച്ചിട്ടില്ല. 1974-ലെ പ്രോട്ടോക്കോള്‍ പ്രകാരം നവംബര്‍ 12-ന് 'ഗുര്‍പര്‍ബ്' ദിനത്തില്‍ സന്ദര്‍ശിക്കുന്ന തീര്‍ഥാടകരുടെ എണ്ണം 3,000 ല്‍ നിന്ന് 10,000 ആക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തോടും പാകിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരംജിത് സിങ് സര്‍ന തീര്‍ഥാടക സംഘത്തിന്റെ നേതൃത്വം പാക്കിസ്ഥാന്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ 9-ന് നടക്കുന്ന കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ജാഥയില്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് പുരി, ഹര്‍സിമ്രത് കൗര്‍ ബാദല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്നിവരടക്കം 575 തീര്‍ഥാടകര്‍ പങ്കെടുക്കും. 575 പേരുടെയും പട്ടിക ഇന്ത്യ പാക്കിസ്ഥാന് കൈമാറി. പഞ്ചാബില്‍ നിന്നുള്ള 13 എംപിമാര്‍, 117 എംഎല്‍എമാര്‍, രാഷ്ട്രീയ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ട്.
ആനന്ദ് ശര്‍മ, മുകുള്‍ വാസ്നിക്, ആര്‍പിഎന്‍ സിങ്, ജിതേന്ദ്ര സിങ്, ജ്യോതിരാദിത്യ സിന്ധ്യ, കുമാരി സെല്‍ജ, ആശ കുമാരി, രണ്‍ദീപ് സിങ് സുര്‍ജേവാല, ദീപേന്ദര്‍ ഹൂഡ, പിഎല്‍ പുനിയ, ജിതിന്‍ പ്രസാദ, ആര്‍സി ഖുന്തിയ എന്നിവരുള്‍പ്പെടെ വടക്കന്‍ മേഖലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ജാഥയില്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ജാഥയെ നയിക്കും. ഗുരുദ്വാരയില്‍ പ്രണാമമര്‍പ്പിച്ച് അന്നുതന്നെ മടങ്ങിവരുമെന്നും സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി), ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) എന്നിവയുടെ പ്രതിനിധികള്‍ക്ക് പഞ്ചാബ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സംയുക്ത പ്രതിനിധി സംഘത്തിനൊപ്പം നങ്കാന സാഹിബില്‍ അഖണ്ഡ പാതയും നഗര്‍ കീര്‍ത്തനും (മതപരമായ ഘോഷയാത്ര) സംഘടിപ്പിക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചു.
https://www.facebook.com/Malayalivartha