കള്ളന്മാർക്ക് ഇനി പണി കിട്ടും അലാം റെഡി; വീടുകളിലോ സ്ഥാപനങ്ങളിലോ അക്രമമോ മോഷണമോ നടന്നാല്‍ ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ സന്ദേശമെത്തുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) വിജയകരമായി പരീക്ഷിച്ചു

വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുളള സംവിധാനം വേണമെന്ന നീണ്ടക്കാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. വീടുകളിലോ സ്ഥാപനങ്ങളിലോ അക്രമമോ മോഷണമോ നടന്നാല്‍ ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ സന്ദേശമെത്തുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) വിജയകരമായി പരീക്ഷിച്ചു. എറണാകുളം ജോസ്‌കോ ജ്വല്ലറി ഷോറൂമില്‍ കലക്ടര്‍ എസ് സുഹാസ്, സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.
ജ്വല്ലറിക്കകത്തെ പ്രത്യേക അലാം ബട്ടണ്‍ കലക്ടര്‍ എസ് സുഹാസ് അമര്‍ത്തിയതോടെ, കണ്‍ട്രോള്‍ റൂമില്‍ സെക്കന്‍ഡുകള്‍ക്കകം സന്ദേശമെത്തുകയും സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ ടോംസണിന്റെ നേതൃത്വത്തില്‍ ഒരു മിനിറ്റിനകം പൊലീസ് ജ്വല്ലറിയിലെത്തുകയും ചെയ്തു. തിരുവനന്തപുരത്തു പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് അപായസന്ദേശം ആദ്യം ലഭിക്കുക. ഇവിടെ നിന്ന് 7 സെക്കന്‍ഡിനകം അതതു പൊലീസ് ജില്ലാ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്കും പ്രാദേശിക പൊലീസ് സ്‌റ്റേഷനിലേക്കും കൈമാറും.
അപായസന്ദേശം നല്‍കിയ സ്ഥാപനത്തിന്റെയോ വീടിന്റെയോ കൃത്യമായ ലൊക്കേഷനും റൂട്ട് മാപ്പും ഫോണ്‍ നമ്ബറുമൊക്കെ കണ്‍ട്രോള്‍ റൂം കൈമാറും. സംഭവ സ്ഥലത്തിനു ചുറ്റും വാഹന പരിശോധനയ്ക്കുള്ള നിര്‍ദേശങ്ങളും ജാഗ്രതാ നിര്‍ദേശവും അതേസമയം തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്നു നല്‍കും. 3 ഷിഫ്റ്റുകളിലായി 24 മണിക്കൂറും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷണമുണ്ടാകും. സ്വമേധയാ കേസെടുക്കുന്ന സംവിധാനമാണിതിലുണ്ടാവുക.ക്യാമറ, സെന്‍സര്‍, കണ്‍ട്രോള്‍ പാനല്‍ എന്നിവയടക്കം 77,000 രൂപ ചെലവു വരും. കെല്‍ട്രോണിന്റെ സഹായത്തോടെ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചു നടത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തയാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി നിര്‍വഹിക്കും.
സിഐഎംഎസ് സജ്ജമാക്കിയ സ്ഥാപനങ്ങളില്‍ എവിടെ മോഷണശ്രമം നടന്നാലും 3 മുതല്‍ 7 വരെ സെക്കന്‍ഡിനകം പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പും വിഡിയോ ദൃശ്യവും ലഭിക്കുന്ന സംവിധാനമാണിത്. ഇതിന്റെ പ്രവര്‍ത്തനം ഡിജിപി ലോക്നാഥ് ബെഹ്റ വിലയിരുത്തി. ഇതിന്റെ ആദ്യ പരീക്ഷണങ്ങള്‍ തൃശൂരിലും എറണാകുളത്തും നടന്നിരുന്നു. ബാങ്കുകളിലും ജ്വല്ലറികളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും മോഷണം തടയാനുള്ള ജാഗ്രതാ സംവിധാനം ഫലപ്രദമാണോ എന്നു പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. മോഷ്ടാക്കള്‍ അതിക്രമിച്ചു കടന്നാലുടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സിസിടിവി ദൃശ്യങ്ങളടക്കം അപായ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനമാണ് സിഐഎംഎസ് അഥവാ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം.
തൃശൂരില്‍ ആദ്യമായി നടപ്പാക്കിയത് റെയില്‍വേ സ്റ്റേഷനു സമീപത്തെ കെഎംജെ ജ്വല്ലറിയിലാണ്. പദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷം ഫലപ്രദമാണോ എന്നു നേരിട്ടു പരീക്ഷിക്കുകയായിരുന്നു അന്ന് കമ്മിഷണര്‍ ചെയ്തത്. ജ്വല്ലറിയില്‍ സ്ഥാപിച്ച സെന്‍സറുകളില്‍ നിന്നു 'മോഷണവിവരം' കണ്‍ട്രോള്‍ റൂമിലേക്കു എത്തി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ജ്വല്ലറിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമായി. ഈ അറിയിപ്പ് വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. സംഭവം നടക്കുന്ന സ്ഥലത്തിന്റെ റൂട്ട്മാപ്പും ഫോണ്‍ നമ്ബറും സഹിതമായിരുന്നു അറിയിപ്പ്.
7 മിനിറ്റിനകം പൊലീസ് സ്ഥലത്തെത്തുമെന്നതാണു സിസ്റ്റത്തിന്റെ പ്രത്യേകത. സുരക്ഷാ ഭീഷണിയുള്ള സ്ഥാപനങ്ങള്‍ക്കു പുറമേ വീടുകള്‍ക്കും 24 മണിക്കൂറും സുരക്ഷയൊരുക്കുന്ന സംവിധാനമാണിത്. പൊലീസിന്റെ കുറ്റവാളിപ്പട്ടികയില്‍പ്പെട്ടവര്‍ സ്ഥാപനങ്ങളിലെത്തിയാല്‍ കയ്യോടെ പിടികൂടാന്‍ 'ഫേസ് റെക്കഗ്നിഷന്‍' ക്യാമറകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്.
സിഐഎംഎസ് ജാഗ്രതാ സംവിധാനത്തിലൂടെ അപായ മുന്നറിയിപ്പ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചാലും തല്‍സമയ ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷണശ്രമമാണെന്ന് ഉറപ്പിച്ചാലേ പൊലീസ് സ്ഥലത്ത് എത്തൂവെന്ന് കമ്മിഷണര്‍. പട്ടിയോ പൂച്ചയോ എലിയോ മറ്റോ സ്ഥാപനത്തിനുള്ളില്‍ കടന്നാലും സെന്‍സറുകള്‍ അപായ മുന്നറിയിപ്പ് മുഴക്കിയേക്കാം. അതുകൊണ്ടു തന്നെ സിസിടിവി തല്‍സമയ ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടേ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അതതു സ്റ്റേഷനുകളിലേക്കു സന്ദേശം നല്‍കൂ.
https://www.facebook.com/Malayalivartha