ജീവപര്യന്തം ശിക്ഷ: ഒരു വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധുവിന് വിധിച്ച ശിക്ഷ സമൂഹത്തിന് പാഠമാകണമെന്ന് കോടതി

2012 ഡിസംബര്‍ ഒന്നിന് ഒരു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബന്ധുവിന് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച പ്രതി കുടുംബത്തിന്റെ വിശ്വാസം തകര്‍ക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശിക്ഷ സമൂഹത്തിന് ഒരു പാഠമാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
മദ്യപിച്ച ശേഷം കുട്ടിയുടെ പിതാവിനൊപ്പം വീട്ടിലെത്തിയ പ്രതി കുട്ടിയെ പുറത്തേക്ക് കൊണ്ടുപോയി. പതിവുപോലെ കുട്ടിയുമായി പുറത്തുപോയതാണെന്ന് കരുതി അമ്മ പ്രതികരിച്ചില്ല. എന്നാല്‍ ഏറെ സമയമായിട്ടും തിരിച്ചുവരാതിരുന്നതോടെ സംശയമായി. ഈ സമയം കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചിലും കേട്ടു. കുട്ടിയെ വാങ്ങി ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വകാര്യ ഭാഗങ്ങളില്‍ പരിക്ക് കണ്ടത്. ഉടന്‍ ആളുകളെ വിളിച്ചുകൂട്ടുകയും പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയുമായിരുന്നു.
ആ സമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും ലഭിച്ച സ്രവങ്ങള്‍ ഡി.എന്‍.എ പരിശോധന നടത്തിയും മറ്റുമാണ് പ്രോസിക്യൂഷന്‍ കേസ് തെളിയിച്ചത്. എന്നാല്‍ വസ്ത്രങ്ങള്‍ കുട്ടിയുടെ അമ്മയാണ് പോലീസിനു കൈമാറിയതെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നുമാണ് പ്രതി വാദിച്ചത്. വസ്ത്രങ്ങള്‍ ഡോക്ടര്‍മാരില്‍ നിന്നും മുദ്രവച്ച കവറിലാണ് പോലീസ് കൈപ്പറ്റിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കുട്ടിയുടെ ദേഹത്ത് പരിക്കിന്റെ അഞ്ച് പാടുകള്‍ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. സംഭവ സമയത്ത് പ്രതിയുടെ ശരീരത്തില്‍ 100 മില്ലിലിറ്റര്‍ മദ്യം ഉണ്ടായിരുന്നു.
പ്രതിയുടെ പെരുമാറ്റം അങ്ങേയറ്റം മൃഗീയവും വഴിപിഴച്ചതുമാണെന്ന് നിരീക്ഷിച്ച കോടതി പ്രതി കുട്ടിയുടെ കുടുംബത്തോട് വിശ്വാസ വഞ്ചനയാണ് ചെയ്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പ്രതിക്ക് കുട്ടിയുടെ കുടുംബവുമായുള്ള ബന്ധം ഉയര്‍ത്തിക്കാട്ടിയ കോടതി, അങ്ങേയറ്റം വെറുക്കപ്പെട്ട നടപടിയാണ് അയാള്‍ ചെയ്തതെന്നും പറഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നും സ്പെഷ്യല്‍ ജഡ്ജ് ഡോ.സൗരഭ് കുല്‍ശ്രേഷ്ഠ വിധിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















