ഇതാണ് മാസ് ബുദ്ധി... മഹാരാഷ്ട്രയില്‍ മഹാനാടകം; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ മന്ത്രിസഭ രൂപീകരിക്കാനിരിക്കവേ എല്ലാ തന്ത്രങ്ങളും പൊളിച്ച് അമിത് ഷാ; രായ്ക്ക് രാമനമുള്ള തന്ത്രം ഫലം കണ്ടതോടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് അന്ത്യം. ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷായുടെ കൂര്‍മ്മബുദ്ധി ഫലം കണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ അതിനാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിഎന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.
ശിവസേന തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇന്നലെ ധാരണയായെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന വാര്‍ത്തയാണ് വന്നത്. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുന്ന പ്രചരണമാണ് ഉണ്ടായത്. മൂന്ന് പാര്‍ട്ടികുടെയും പ്രധാനപ്പെട്ട നേതാക്കള്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ ധാരണയായതെന്ന തരത്തിലാണ് വാര്‍ത്ത വന്നത്. ഇന്ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സഖ്യം പ്രഖ്യാപിക്കാനിരിക്കുകയാണ്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും സംസ്ഥാന ഭരണം എന്നുപോലും പറഞ്ഞു.
താക്കറെയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയാതായി കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സഖ്യം പ്രഖ്യാപിക്കും അതിന് ശേഷം ഗവര്‍ണറെ കാണേണ്ട സമയം തീരുമാനിക്കാനിരുന്നതാണ്. പൊതുമിനിമം പരിപാടിയും അധികാരം പങ്കിടലും സംബന്ധിച്ച് ധാരണയായതോടെയാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ സഖ്യ പ്രഖ്യാപനത്തിലേക്ക് നീങ്ങാനിരുന്നത്.
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ശിവസേനാ നേതാക്കളായ ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, സഞ്ജയ് റാവത്ത്, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, അവിനാഷ് പാണ്ഡെ, ബാലാസാഹെബ് തൊറാട്ട്, പൃഥ്വിരാജ് ചവാന്‍, എന്‍.സി.പി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അജിത് പവാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസം ആകുമ്പോഴും സര്‍ക്കാര്‍ രൂപീകരണം നടന്നിട്ടില്ല. 105 സീറ്റുള്ള ബി.ജെ.പിയും 56 സീറ്റുള്ള ശിവസേനയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തെറ്റിയതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയത്. ഇതോടെ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങുകയായിരുന്നു. എല്ലാം തകര്‍ത്താണ് അമിത്ഷായുടെ രാത്രി തന്ത്രം വന്നത്. നേരം വെളുക്കും മുമ്പ് മഹാരാഷ്ട്ര ബിജെപി പിടിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























