അർദ്ധരാത്രിയിൽ വിളിച്ചെഴുന്നേൽപിച്ച് സ്വാമിജിക്കായി വീഡിയോ നിർമിക്കാൻ ആവശ്യപ്പെട്ടു; വന്‍തോതിൽ ആഭരണങ്ങളും മേക്കപ്പും അണിഞ്ഞായിരുന്നു ഇത് നടത്തിയത്: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി 15 വയസ്സുകാരി രംഗത്ത്

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി 15 വയസ്സുകാരി രംഗത്ത്. ‘2013 മേയിലാണു ഗുരുകുലത്തിൽ ചേർന്നത്. ആദ്യമൊക്കെ രസകരമായിരുന്നു. എന്നാൽ 2017 മുതൽ അഴിമതി തുടങ്ങിയെന്ന് പെൺകുട്ടി ആരോപിക്കുന്നു. സ്വാമിജിക്കായി പ്രചാരണ പ്രവർത്തനങ്ങൾ ചെയ്യണം. സംഭാവനകൾ കണ്ടെത്തണം. ആയിരങ്ങളായിരുന്നില്ല, ലക്ഷങ്ങളാണു സംഭാവനയായി പിരിക്കേണ്ടത്. 3 ലക്ഷം മുതൽ 8 കോടി വരെ സംഭാവന വേണം. ഏക്കറു കണക്കിന് സ്ഥലങ്ങളും കണ്ടെത്തേണ്ടിവന്നു. അർധരാത്രിയിൽ വിളിച്ചെഴുന്നേൽപിച്ചു സ്വാമിജിക്കായി വീഡിയോ നിർമിക്കാൻ ആവശ്യപ്പെട്ടു. വന്‍തോതിൽ ആഭരണങ്ങളും മേക്കപ്പും അണിഞ്ഞായിരുന്നു ഇതു നടത്തിയത്.
മൂത്ത സഹോദരിക്ക് അവിടെനിന്നും പുറത്തുവരാൻ സാധിച്ചിട്ടില്ല. സഹോദരിയുണ്ടാക്കിയ എല്ലാ വീഡിയോകളും സ്വാമിജിയുടെ നിർദേശത്തിലുള്ളതാണ്. ഞാൻ സാക്ഷിയാണ്. അച്ഛനെയും അമ്മയെയും കുറിച്ചു മോശം രീതിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നോടും ആവശ്യപ്പെട്ടെങ്കിലും ഞാൻ ചെയ്തില്ല, പെൺകുട്ടി പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ടു ചെയ്തു. ആത്മീയ കാര്യങ്ങൾക്കായെന്നു പറഞ്ഞു തന്നെ രണ്ടു മാസത്തോളം മുറിയില്‍ പൂട്ടിയിട്ടതായും മോശം ഭാഷയിലാണ് ആശ്രമത്തിൽനിന്നു സംസാരിക്കാറുള്ളതെന്നും പെൺകുട്ടി വ്യക്തമാക്കി. ആശ്രമത്തിന്റെ നടപടിക്കെതിരെ പെൺകുട്ടിയുടെ പിതാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റൊരു മകളെ തിരികെ ലഭിക്കുന്നതിനായി നീക്കങ്ങൾ തുടങ്ങിയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കേസിൽ ഉടൻ അറസ്റ്റുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരു സ്വദേശിയായ പെൺകുട്ടിയാണു പരാതിയുമായി രംഗത്തെത്തിയത്. ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ ഒരു മാസം മുൻപ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ നേതൃത്വത്തിലാണ് പെൺകുട്ടിയെ ആശ്രമത്തിൽനിന്നു മോചിപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് നിത്യാനന്ദ അഹമ്മദാബാദിലെ ആശ്രമത്തിൽ തന്റെ മൂന്ന് മക്കളെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയുമായി മറ്റൊരു പിതാവ് രംഗത്ത് എത്തിയിരുന്നു. കര്‍ണാടക സ്വദേശിയായ ജനാര്‍ദനന്‍ ശര്‍മ്മയാണ് പരാതി നല്‍കിയത്. തന്റെ 12 വയസ്സുകാരനായ മകനെയും 15കാരിയായ മകളെയും 19കാരിയായ മകളെയും നിത്യാനന്ദയുടെ ആശ്രമത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതി.
പരാതിയെ തുടര്‍ന്ന് മകനെയും ഒരു മകളെയും പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ആനന്ദ് ശര്‍മ്മയെ കാണിച്ചു. എന്നാല്‍ 19കാരിയായ മകള്‍ നന്ദിതയെ ആശ്രമത്തിനുള്ളില്‍ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിതാവിന് കാണാന്‍ കഴിഞ്ഞില്ല. ആശ്രമ അധികൃതര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് എന്നെ സഹായിച്ചു. എന്റെ മക്കളെ ബാംഗ്ലൂരില്‍ നിന്ന് അഹമ്മദാബാദ് ആശ്രമത്തിലെത്തിച്ചത് എന്നെ അറിയിക്കാതെയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ നിന്നു പോവുന്നത് എന്റെ മകളെ കാണാനാവാതെയാണ്. എന്ത് ആത്മീയ കാര്യമാണിത്?- ആനന്ദ് ശര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിനുപിന്നാലെ മകൾ നന്ദിത ലൈവ് വീഡിയോയുമായി രംഗത്തെത്തുകയും ചെയ്തു. തനിക്ക് നിത്യാനന്ദയുടെ ആശ്രമത്തില്‍ തുടരാന്‍ തന്നെയാണ് ആഗ്രഹം. തന്റെ മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ താല്‍പര്യമില്ല. താന്‍ സ്വതന്ത്രയാണെന്നും തന്റെ തീരുമാനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. പിതാവിന്റെ പരാതിയെ തുടർന്ന് അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ആശ്രമ അധികൃതര്‍ക്കെതിരെ വിവേകാനന്ദ് പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























