കശ്മീരില്‍ കണ്ടെത്തിയ ഐഇഡി ബോംബ് (ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസ്) സാഹസികമായി സൈന്യം നിര്‍വീര്യമാക്കി

ജമ്മു കശ്മീരില്‍ അനന്ത്‌നാഗ് ജില്ലയിലെ ഖുദ്‌വാനി പാലത്തിനു സമീപം നിരവധി പേരുടെ ജീവനെടുക്കാന്‍ ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്‌ഫോടനശേഷിയുള്ള ഐഇഡി ബോംബുകള്‍ ഇന്ത്യന്‍ സേന നിര്‍വീര്യമാക്കി . വ്യാഴാഴ്ച രാവിലെ ദേശീയപാത/11- ല്‍ കണ്ടെത്തിയ 25 കിലോ വരുന്ന രണ്ടു ബോംബുകളാണ് സൈന്യം സാഹസികമായി നിര്‍വീര്യമാക്കിയത്.
പട്രോളിങ് നടത്തുന്ന സൈനികരാണ് സ്‌ഫോടനത്തിനായി സ്ഥാപിച്ചിരുന്ന രണ്ട് സിലിണ്ടര്‍ കണ്ടെയ്‌നറുകളിലായി 10 കിലോ, 15 കിലോ ഭാരമുള്ള ഐഇഡികള്‍ കണ്ടെത്തിയത്. വിവരം കിട്ടിയ ഉടന്‍ ബോംബ് നിര്‍വീര്യ സ്‌ക്വാഡ് (ബിഡിഎസ്) സ്ഥലത്തെത്തി. ജീവന്‍ പണയപ്പെടുത്തിയുള്ള ഓപ്പറേഷനാണു ബിഡിഎസ് അംഗങ്ങള്‍ നടത്തിയത്. പ്രത്യേക മുഖാവരണവും കവചിത വസ്ത്രവും ഉപകരണങ്ങളുമായാണു സംഘം ജോലി തുടങ്ങിയത്.
ഐഇഡി കണ്ടെത്തിയ പ്രദേശത്തിനു ചുറ്റുമുള്ള ഭാഗത്തെ ജനങ്ങളെ ഒഴിപ്പിച്ചു. ബോംബ് നിര്‍വീര്യമാക്കുകയും പുറത്തെടുത്തു സുരക്ഷിതമായ സ്ഥലത്തു കൊണ്ടുപോയി സ്‌ഫോടനം നടത്തുകയുമായിരുന്നു ദൗത്യം. അതിസൂക്ഷ്മമായി ചെയ്യേണ്ട ഈ ദൗത്യം ബിഡിഎസ് സംഘം വിജയകരമായി നടപ്പാക്കി. ബോംബ് സ്‌ഫോടനം നടന്നിരുന്നെങ്കില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുകയും വലിയതോതില്‍ സാധനസാമഗ്രികള്‍ക്കു നാശമുണ്ടാകുകയും ചെയ്യുമായിരുന്നെന്നു സൈനിക വക്താവ് പ്രതികരിച്ചു.
ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെ കര്‍ശന നിയന്ത്രണങ്ങളാണു നടപ്പാക്കിയിരുന്നത്. കശ്മീര്‍ സാധാരണ നിലയിലേക്കു മടങ്ങിവരുന്നതു തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരം ക്രൂരവും അപരിഷ്‌കൃതവുമായ കാര്യങ്ങള്‍ ചെയ്യുന്നതെന്നു സൈന്യം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha



























