പരേല്‍ കെഇഎം ആശുപത്രിയില്‍ ഇസിജി മെഷീനില്‍നിന്ന് തീപ്പൊള്ളലേറ്റ 2 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ജന്മനാ ഉള്ള ഹൃദയത്തകരാറിന്റെ ശസ്ത്രക്രിയയ്ക്കായി ബിഎംസിയുടെ ഉടമസ്ഥതയിലുള്ള പരേല്‍ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിന്‍സ് എന്ന 2 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ആശുപത്രിയിലെ നവജാതശിശുക്കള്‍ക്കുള്ള ഐസിയുവില്‍ ഉണ്ടായ അഗ്‌നിബാധയില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. കഴിഞ്ഞ 7-നാണ് ഐസിയുവിലെ ഇസിജി മെഷിനില്‍ നിന്ന് കിടക്കയില്‍ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റത്. തീപൊള്ളലേറ്റ ഭാഗത്തെ അണുബാധയെ തുടര്‍ന്ന് 4 ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞിന്റെ ഇടതുകൈ നീക്കം ചെയ്തിരുന്നുവെങ്കിലും ഇന്നലെ മരിച്ചു.
ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് ഇന്നലെ ആശുപത്രി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പ്രിന്‍സിന്റെ പിതാവ് പന്നേലാല്‍ രാജ്ബര്‍ പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം ജെജെ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം മുംബൈയില്‍ തന്നെ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
ബന്ധുക്കള്‍ക്ക് പ്രവേശനമില്ലാത്ത ഐസിയുവില്‍ കുഞ്ഞിനെ വിശ്വസിച്ചേല്‍പിച്ച, യുപിയിലെ വാരണാസിയില്‍ നിന്നുള്ള നിര്‍ധന കുടുംബത്തിന് ഇപ്പോള്‍, മകനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ദുഃഖഭാരത്തോടെ മടക്കം. വിദഗ്ധ ചികിത്സയ്ക്ക് മകനെ മുംബൈയില്‍ കൊണ്ടുവന്ന ഇവര്‍ക്ക് കിടക്കയ്ക്ക് തീപിടിച്ച് മകന് ഗുരുതരമായി പൊള്ളലേറ്റ സംഭവം ഉള്‍ക്കൊള്ളാന്‍ പോലും ആവുമായിരുന്നില്ല. പിന്നീട് വെന്റിലേറ്ററിലേക്കു മാറ്റിയ കുഞ്ഞിന്റെ നില അനുദിനം വഷളാവുകയായിരുന്നു. വ്യാഴാഴ്ച മുതല്‍ അവന്‍ കണ്ണുതുറന്നിരുന്നില്ലെന്ന് പ്രിന്‍സിന്റെ പിതാവ് പന്നേലാല്‍ രാജ്ബര്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് മകന്‍ മരിച്ചെന്ന് നഴ്സ് വന്നറിയിക്കുന്നത്.
പ്രിന്‍സിന്റെ മരണത്തിന് ഇടയാക്കിയ അഗ്‌നിബാധയില്‍ ഇതുവരെ ആര്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല. ഇസിജി മെഷീനില്‍ നിന്നു തീപടര്‍ന്ന സംഭവത്തില്‍ ജീവനക്കാരുടെയോ ആശുപത്രി അധികൃതരുടെയോ വീഴ്ചയില്ലെന്ന നിലപാടാണ് ബിഎംസി തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. നഷ്ടപരിഹാരം നല്‍കാന്‍ പോലും വ്യവസ്ഥയില്ലെന്ന വാദം ഏറെ പ്രതിഷേധത്തിന് ഇടയാക്കി.
തുടര്‍ന്ന് പ്രഖ്യാപിച്ച 5 ലക്ഷം രൂപ കുടുംബം നിരസിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബിഎംസി തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് ബിഎംസി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. പ്രിന്‍സിന്റെ പിതാവ് നല്‍കിയ പരാതിയില്‍ ഭോയ്വാഡ പൊലീസ് അജ്ഞാതര്‍ക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. ആശുപത്രിയില്‍ വൈദ്യുതി വിതരണം നടത്തുന്ന ബെസ്റ്റിന്റെയും കെഇഎം ആശുപത്രിയിലെ അഗ്‌നിശമന വിഭാഗത്തിന്റെയും റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് പൊലീസ്.
https://www.facebook.com/Malayalivartha



























