ജനിച്ചപ്പോൾ എട്ട് കിലോയുണ്ടായിരുന്ന കുട്ടി 24 മണിക്കൂർ കൊണ്ട് 13 കിലോയായി; 17 ഇഞ്ചക്‌ഷൻ നൽകി കുട്ടിയെ കൊന്നു: പതിനൊന്നാം മാസം ജനിച്ച കുട്ടി അമ്മയുടെ വയറ്റിലെ കുടലും ബാക്കിയെല്ലാം തിന്നു തീർത്തിട്ടാണ് പുറത്തെത്തിയത്- ഇത് രാക്ഷസ കുഞ്ഞോ? പ്രചരിക്കുന്നത് വ്യാജ വോയിസ് ക്ലിപ്പ്... സത്യം ഇതാണ്

ജനിച്ചപ്പോൾ എട്ട് കിലോയുണ്ടായിരുന്ന കുട്ടി 24 മണിക്കൂർ കൊണ്ട് 13 കിലോയായി. 17 ഇഞ്ചക്‌ഷൻ നൽകിയാണ് കുട്ടിയെ കൊന്നത്. പതിനൊന്നാം മാസം ജനിച്ച കുട്ടി അമ്മയുടെ വയറ്റിലെ കുടലും ബാക്കിയെല്ലാം തിന്നു തീർത്തിട്ടാണ് പുറത്തെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയെ പരിഭ്രാന്തിയിലാഴ്ത്തിയ ഒരു വീഡിയോയായിരുന്നു ഇത്. അസമിലെ ഗുവാഹത്തിയിലുള്ള ജില്ലാ ആശുപത്രിയിൽ ജനിച്ച രാക്ഷസരൂപമുള്ള കുട്ടിയെ ഗുവാഹത്തിയിലേയ്ക്ക് പോയ ഒരു എസ്ഐ കണ്ടപ്പോൾ നൽകുന്ന വിശദീകരണം എന്ന മട്ടിലാണ് വോയ്സ് ക്ലിപ്പും നുണ പ്രചാരണവും പൊടിപൊടിക്കുന്നത്.
‘അസമിലെ എസ്‌ഐയുടെ ജില്ലയിൽ നടന്ന സംഭവമാണ്. ഇതൊരു അപൂർവശിശു ആണ്. രാക്ഷസമായിട്ടുള്ള പ്രക്രിയയിലൂടെയാണു ജനിച്ചത്. പതിനൊന്നാം മാസം ജനിച്ച കുട്ടി അമ്മയുടെ വയറ്റിലെ കുടലും ബാക്കിയെല്ലാം തിന്നു തീർത്തിട്ടാണ് പുറത്തെത്തിയത്. അമ്മ പ്രസവത്തിൽ തന്നെ മരിച്ചു. സ്വാഭാവിക പ്രസവമായിരുന്നില്ല, ഓപറേഷനിലൂടെയാണു കുട്ടിയെ പുറത്തെടുത്തത്. പാവപ്പെട്ട വീട്ടിലെ മാതാവിനാണു കുട്ടി ജനിച്ചത്. ഓപറേഷൻ സമയത്ത് അടുത്തു നിന്ന ഒരു നഴ്സിന്റെ കയ്യിൽ കുട്ടി പിടിച്ചിരുന്നു. അവർ മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ മരിച്ചു. ജനിച്ചപ്പോൾ എട്ടു കിലോയുണ്ടായിരുന്ന കുട്ടി 24 മണിക്കൂർ കൊണ്ട് 13 കിലോയായി. 17 ഇഞ്ചക്‌ഷൻ നൽകിയാണു കുട്ടിയെ കൊന്നത്. അസമിലെ ഒരു ജില്ലാ ആശുപത്രിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ മൃതദേഹം ഇപ്പോഴും പഠിക്കാൻ വേണ്ടി സൂക്ഷിച്ചിരിക്കുകയാണ്...’ വിഡിയോയും വിവരങ്ങളും ഫെയ്ക്ക് അല്ലെന്നും മലയാളം ശബ്ദ സന്ദേശത്തിൽ പറഞ്ഞുവയ്ക്കുന്നു.
ഹാർലിക്വിൻ ഇക്തിയോസിസ് എന്നറിയപ്പെടുന്ന ജനിതക രോഗാവസ്ഥയിൽ ജനിച്ച കുട്ടിയുടെ വിഡിയോയാണ് ഇത്തരത്തിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. നവജാതശിശുവിന്റെ ചർമം ഉറച്ച് കട്ടിയായി ശൽക്കങ്ങൾ രൂപപ്പെടുന്നതാണ് ഈ ജനിതക വൈകല്യം. ‘ഹാർലിക്വിൻ ബേബി’ എന്നും ഇത്തരം കുഞ്ഞുങ്ങളെ വിളിക്കാറുണ്ട്. ഹാർലിക്വിൻ ഇക്തിയോസിസ് എന്ന ജനിതക വൈകല്യം ഏകദേശം 20 തരത്തിലുള്ളവ കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യമായും അല്ലാതെയും ഈ വൈകല്യുമുണ്ടാകാറുണ്ട്. പാരമ്പര്യമായുള്ള വൈകല്യം ജനിക്കുമ്പോഴോ ജനിച്ചു കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലോ ലക്ഷണങ്ങൾ കാണിക്കും.
മറ്റു ചിലതു പ്രായപൂർത്തിയായതിനു ശേഷമാണു ലക്ഷണം കാണിക്കുക. പഴയ ചർമത്തിനു പകരം പുതിയ ചർമത്തിനു രൂപം നൽകുന്ന ശരീര സംവിധാനത്തിലാണ് ഹാർലിക്വിൻ ഇക്തിയോസിസ് പ്രകാരം ജനിതക തകരാർ സംഭവിക്കുക. അതോടെ ഒന്നുകിൽ പഴയ ചർമകോശങ്ങൾ പൊഴിഞ്ഞുപോകുന്നതു പതിയെയാകും. അല്ലെങ്കിൽ വളരെ വേഗത്തിൽ പുതിയ ചർമകോശങ്ങൾ രൂപപ്പെട്ടു കൊണ്ടേയിരിക്കും. രണ്ടു തരത്തിലാണെങ്കിലും ശരീരത്തിൽ പരുക്കനായ ചർമകോശങ്ങൾ കെട്ടിക്കിടക്കുകയാണ് ഇതുവഴി സംഭവിക്കുക.
ഈ വീഡിയോയ്ക്ക് ഏതാനും മാസത്തെ പഴക്കമുണ്ട്. ജൂൺ–ജൂലൈ മാസങ്ങളിൽ ഈ വിഡിയോ പല തലക്കെട്ടുകളോടെ യൂട്യൂബിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. മനുഷ്യന് ആടിലുണ്ടായ കുട്ടി, അന്യഗ്രഹജീവിയായ കുട്ടി തുടങ്ങിയ വിശേഷണങ്ങളായിരുന്നു ഈ കുരുന്നിനു നേരിടേണ്ടി വന്നത്. ബ്രസീലിൽ കണ്ടെത്തിയ കുട്ടിയെന്ന മട്ടിൽ അന്നു പല വിദേശ വെബ്സൈറ്റുകളും ഈ വിഡിയോ പ്രചരിപ്പിച്ചിരുന്നു. തികച്ചും ഭാവനാസൃഷ്ടിയാണു ഈ ശബ്ദസന്ദേശം. ശരീരത്തിൽ ചർമകോശങ്ങൾ അടിഞ്ഞു കൂടി, അവ പൊഴിഞ്ഞുപോകാതെ വെളുത്ത നിറത്തിൽ ഒരു പടച്ചട്ട പോലെ കട്ടിയായി നിൽക്കുകയാണു കുട്ടിയുടെ ശരീരത്തിൽ. ചില ഭാഗങ്ങളിൽ ചർമം പൂർണമായും ഇളകിപ്പോയിട്ടുണ്ട്. മറ്റിടങ്ങളിൽ വിള്ളലുകൾക്കു സമാനമായും രൂപപ്പെട്ടിട്ടുമുണ്ട്. കണ്ണുകള്‍ക്കും വായിനും ചെവിക്കുമെല്ലാം പ്രത്യേക രൂപമായിരിക്കും. ഇതാണു കുട്ടിയുടെ അസാധാരണ രൂപത്തിനും കാരണം.
https://www.facebook.com/Malayalivartha
























