പൗരത്വ ഭേദഗതി ബില്ലിന്മേല്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ തുടരവേ ആസാമില്‍ നിന്നുള്ള മന്ത്രിതല സംഘം ഡല്‍ഹിക്ക്... മുഖ്യമന്ത്രി സര്‍ബാനന്ദ സനോവാളിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയ സന്ദര്‍ശിക്കും

പൗരത്വ ഭേദഗതി ബില്ലിന്മേല്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ തുടരവേ ആസാമില്‍ നിന്നുള്ള മന്ത്രിതല സംഘം ഡല്‍ഹിക്ക്. മുഖ്യമന്ത്രി സര്‍ബാനന്ദ സനോവാളിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയ സന്ദര്‍ശിക്കും. ബില്‍ പാസായ ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംഘം പ്രധാനമന്ത്രിയെ ധരിപ്പിക്കും. മന്ത്രി ചന്ദ്രമോഹന്‍ പട്ടോവാരിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് സൂചന. അതിനിടെ തൃശൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി ടി.എന്‍. പ്രതാപനും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയും യുനൈറ്റഡ് എഗന്‍സ്റ്റ് ഹെയ്റ്റും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹരജി ഫയല്‍ ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിരസിച്ചിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ വെള്ളിയാഴ്ച ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് തിരസ്‌കരിച്ചത്. എന്നാല്‍, 18ന് ഹരജികള്‍ പരിഗണിക്കുമെന്നാണ് സുപ്രീംകോടതിയില്‍നിന്ന് ലഭിക്കുന്ന സൂചന. കോണ്‍ഗ്രസിനു വേണ്ടി ജയ്‌റാം രമേശ് ഹരജി സമര്‍പ്പിച്ചതിന് പുറമെയാണ് ടി.എന്‍. പ്രതാപന്‍ എം.പി ഹരജി സമര്‍പ്പിച്ചത്. അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്യയും കോണ്‍ഗ്രസ് എം.പിമാരായ അബ്ദുല്‍ ഖാലിഖും രൂപജ്യോതി കുര്‍മിയും ചേര്‍ന്ന് സമര്‍പ്പിച്ച മറ്റൊരു ഹരജിയുമുണ്ട്.
മുസ്‌ലിംലീഗിന്റെ നാല് എം.പിമാര്‍, ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സിയാഉസ്സലാം, അഭിഭാഷകന്‍ ഇഹ്തിശാം ഹാഷ്മി, നിയമ വിദ്യാര്‍ഥികളായ മുനീബ് അഹ്മദ് ഖാന്‍, അപൂര്‍വ ജെയിന്‍, അദീല്‍ താലിബ്, ജന്‍ അധികാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഫൈസ് അഹ്മദ്, ബംഗ്ലാദേശിലെ മുന്‍ ഇന്ത്യന്‍ ഹൈകമീഷണര്‍ ദേബ് മുഖര്‍ജി, മുന്‍ ഐ.എ.എസ് ഓഫിസര്‍മാരായ സോമസുന്ദര്‍ ബുറ, അമിതാഭ് പാണ്ഡെ, റിഹായ് മഞ്ച്, സിറ്റിസണ്‍ എഗന്‍സ്റ്റ് ഹെയ്റ്റ് എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്
"
https://www.facebook.com/Malayalivartha



























